
വത്തിക്കാന്‍ മ്യൂസിയവും ചൈനയുടെ കൊട്ടാരമ്യൂസിയവും സംയുക്തമായി ചൈനയിലെ നിഷിദ്ധനഗരമെന്നറിയപ്പെടുന്ന ഗുജൂങ്ങില്‍ നടത്തുന്ന കലാവസ്തുക്കളുടെ പ്രദര്‍ശനമാരംഭിച്ചു. പ്രദര്‍ശനം ജൂലൈ പകുതി വരെ നീണ്ടു നില്‍ക്കും. വിവിധ ലോകരാജ്യങ്ങളിലെ കലാപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തുപോരികയും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന വത്തിക്കാന്‍ മ്യൂസിയം ചരിത്രത്തിലാദ്യമായാണ് ചൈനയില്‍ ഒരു പ്രദര്‍ശനത്തിനെത്തുന്നത്. ചൈനയും വത്തിക്കാനും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ വന്‍തോതില്‍ മെച്ചപ്പെട്ടതിന്‍റെ സൂചനയായിട്ടാണ് ഇതു വിലയിരുത്തപ്പെടുന്നത്.
പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ ചിത്രകാരന്‍ ഫെദറിക്കോ ബറുച്ചിയുടെ "തിരുക്കുടുംബത്തിന്‍റെ പലായനം," പതിനെട്ടാം നൂറ്റാണ്ടിലെ ചെക്ക് കലാകാരന്‍ പീറ്റര്‍ വെന്‍സലിന്‍റെ "ഏദന്‍തോട്ടത്തിലെ ആദവും ഹവ്വയും" എന്നിവ വത്തിക്കാന്‍ ചിത്രപ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ചൈനീസ് കൊട്ടാരത്തില്‍ ചിത്രകാരന്മാരായിരുന്ന ക്രൈസ്തവവിശ്വാസികളായ വു ലീ, ലാ ഷൈനീങ്ങ് എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശിക്കപ്പെടുന്നു. ലൈ ഷൈനീങ്ങ് ചൈനീസ് പേരു സ്വീകരിച്ച ഇറ്റലിയില്‍ നിന്നുള്ള ഒരു ഈശോസഭാംഗമായിരുന്നു.