വത്തിക്കാന്‍ സമര്‍പ്പിത കാര്യാലയത്തിലേയ്ക്ക് കൂടുതല്‍ വനിതകളെ നിയമിച്ചു

സമര്‍പ്പിതസമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിലേയ്ക്ക് പുതിയ 23 അംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അവരില്‍ ആറു പേര്‍ സന്യാസിനീസമൂഹങ്ങളുടെ സുപ്പീരിയര്‍ ജനറല്‍മാരും ഒരാള്‍ ഒരു വനിതാ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മേധാവിയുമാണ്. കാര്‍ഡിനല്‍മാരും മെത്രാന്മാരും പുരുഷ സന്യാസ സഭാമേധാവികളും ആണ് മറ്റുള്ളവര്‍.

വനിതകള്‍ക്കു വത്തിക്കാനില്‍ കൂടുതല്‍ പ്രാതിനിധ്യം കൊടുക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലിയുടെ തുടര്‍ച്ചയാണിത്. ഒരു സുപ്രധാന വത്തിക്കാന്‍ കാര്യാലയമായ സുവിശേഷവത്കരണ കാര്യാലയത്തിലെ അംഗമായി 2014-ല്‍ കോംബോനി മിഷണറീസിന്‍റെ മദര്‍ ജനറലായ സിസ്റ്റര്‍ ഇര്‍മ ലൂസിയ പ്രെമോലിയെ മാര്‍പാപ്പ നിയമിച്ചിരുന്നു. ഒരു സന്യാസിനി ഒരു വത്തിക്കാന്‍ കാര്യാലയത്തില്‍ അംഗമാകുന്നത് അന്ന് ആദ്യമായിട്ടായിരുന്നു. റോമന്‍ കൂരിയായുടെ 1988-ലെ ഭരണഘടനയനുസരിച്ച് വത്തിക്കാന്‍ കാര്യാലയത്തിലെ സാധാരണ അംഗങ്ങളാകാന്‍ കാര്‍ഡിനല്‍മാര്‍ക്കും മെത്രാന്മാര്‍ക്കും മാത്രമേ സാധിക്കുമായിരുന്നുള്ളൂ. പ്രത്യേകസാഹചര്യത്തില്‍ വൈദികരേയും മറ്റു വിശ്വാസികളേയും അംഗങ്ങളാക്കാമെന്നും വ്യവസ്ഥയുണ്ട്. അതനുസരിച്ചാണ് ഇപ്പോഴത്തെ നിയമനങ്ങള്‍. 1988-ലെ ഭരണഘടന പുതുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇതോടെ മെത്രാന്മാരോ കാര്‍ഡിനല്‍മാരോ വൈദികരോ അല്ലാത്തവര്‍ക്ക് കാര്യാലയങ്ങളുടെ അദ്ധ്യക്ഷസ്ഥാനത്തു എത്തുന്നതിനു വഴി തെളിയുമെന്നാണു കരുതപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org