വത്തിക്കാന്‍ സുരക്ഷാ വിഭാഗത്തിനു പുതിയ മേധാവി

വത്തിക്കാന്‍ സുരക്ഷാ വിഭാഗത്തിനു പുതിയ മേധാവി

വത്തിക്കാന്‍ സുരക്ഷാവിഭാഗത്തിന്‍റെ മേധാവിയായി ജാന്‍ലുകാ ബ്രോക്കെലെറ്റിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 1995 മുതല്‍ സുരക്ഷാ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2018 മുതല്‍ ഉപമേധാവിയും ആയിരുന്നു. മേധാവിയായിരുന്ന ഡൊമെനിക്കോ ജാനി രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം. സുരക്ഷാവിഭാഗത്തിന്‍റെ രഹസ്യസ്വഭാവമുള്ള ഒരു കത്ത് പുറത്തു പോയതിനെ തുടര്‍ന്നായിരുന്നു ജാനിയുടെ രാജി. ചില വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ വത്തിക്കാനില്‍ പ്രവേശിക്കുന്നതു വിലക്കുന്ന ഉത്തരവാണ് മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയത്. വത്തിക്കാന്‍ ബാങ്കുമായി ബന്ധപ്പെട്ട പരാതികളുടെ അന്വേഷകന്‍റെ ആവശ്യപ്രകാരമാണ് ചിലരുടെ പ്രവേശനം സുരക്ഷാവിഭാഗം വിലക്കിക്കൊണ്ട് സുരക്ഷാമേധാവി തന്‍റെ കീഴുദ്യോഗസ്ഥര്‍ക്കു രഹസ്യമായി കത്തു നല്‍കിയത്.

45 കാരനായ പുതിയ സുരക്ഷാമേധാവി 1999 മുതല്‍ വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്‍റെ സൈബര്‍ സുരക്ഷയുടെയും സാങ്കേതിക സംവിധാനങ്ങളുടെയും ചുമതലയാണു നിര്‍വഹിച്ചു വന്നിരുന്നത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. മാര്‍പാപ്പയുടെ അംഗരക്ഷകസേനയായ സ്വിസ് ഗാര്‍ഡുമായി സഹകരിച്ച് വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്‍റെയാകെ സുരക്ഷ നിര്‍വഹിക്കുന്നത് വത്തിക്കാന്‍ ജെന്‍ഡാര്‍മെറി എന്നറിയപ്പെടുന്ന ഈ സേനയാണ്. സിറ്റി രാഷ്ട്രത്തിലെ കുറ്റകൃത്യങ്ങളുടെ അന്വേഷണം, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഇവര്‍ നിര്‍വഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org