വത്തിക്കാന്‍ സ്വത്തുവകകളുടെ ഭരണച്ചുമതലയില്‍ അല്മായന്‍

വത്തിക്കാന്‍ സ്വത്തുവകകളുടെ ഭരണച്ചുമതലയില്‍ അല്മായന്‍

വത്തിക്കാന്റെ സ്വത്തുവകകളുടെ ഭരണ നിര്‍വഹണവിഭാഗത്തിന്റെ സെക്രട്ടറിയായി ഫാബിയോ ഗാസ്‌പെരിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 25 വര്‍ഷത്തെ അന്താരാഷ്ട്ര പ്രവര്‍ത്തന പരിചയമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റും ബാങ്കിംഗ് വിദഗ്ദ്ധനുമാണ് അദ്ദേഹം. ബഹുരാഷ്ട്രസ്ഥാപനമായ എണ്‍സ്റ്റ് ആന്‍ഡ് യംഗില്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറി സര്‍വീസസ് വിഭാഗം പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഗാസ്‌പെരിനി. വിദ്യാഭ്യാസത്തിനു ശേഷം കുറച്ചുകാലം അദ്ദേഹം വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തില്‍ ജോലി ചെയ്തിട്ടുണ്ട്.

അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ദ പാട്രിമണി ഓഫ് ദ അപ്പസ്‌തോലിക് സീ (എപിഎസ്എ) എന്ന ഔദ്യോഗിക നാമമുള്ള ഈ വത്തിക്കാന്‍ ഏജന്‍സിയുടെ സെക്രട്ടറിയായി അല്മായന്‍ നിയമിക്കപ്പെടുന്നത് ആദ്യമായാണ്. വത്തിക്കാന്റെ പാരമ്പര്യസിദ്ധമായ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുവകകളുടെ മേല്‍നോട്ടം വഹിക്കുന്ന വിഭാഗമാണിത്. മോണ്‍. മൗരോ റിവെല്ലായുടെ അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ബിഷപ് നുണ്‍സ്യോ ഗാലന്റീനോ ആണ് ഇപ്പോള്‍ എപിഎസ്എയുടെ പ്രസിഡന്റ്. എട്ട് കാര്‍ഡി നല്‍മാര്‍ അംഗങ്ങളായ ഒരു കമ്മീഷന്‍ മേല്‍നോട്ടച്ചുമതലയും വഹിക്കുന്നു.

വത്തിക്കാന്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ ഡൈറക്ടീവ് കൗണ്‍സില്‍ അംഗമായി ആന്റെണില്ല സയറണ്‍, വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയുടെ ഓഫീസ് മേധാവിയായി റഫായേല വിന്‍സെന്റി എന്നീ അല്മായ വനിതകളേയും മാര്‍പാപ്പ ഈ മാസം നിയമിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org