വെനിസ്വേലന്‍ അഭയാര്‍ത്ഥികള്‍ക്കു വത്തിക്കാന്‍റെ വിപുലമായ സഹായപദ്ധതി

വെനിസ്വേലന്‍ അഭയാര്‍ത്ഥികള്‍ക്കു വത്തിക്കാന്‍റെ വിപുലമായ സഹായപദ്ധതി

രൂക്ഷമായ വിലക്കയറ്റവും പട്ടിണിയും മൂലം ആയിരകണക്കിനാളുകള്‍ വെനിസ്വേലായില്‍ നിന്ന് അയല്‍രാജ്യങ്ങളിലേയ്ക്കു പലായനം ചെയ്തുകൊണ്ടിരിക്കെ അവര്‍ക്കു സഹായമെത്തിക്കാന്‍ വത്തിക്കാന്‍ പദ്ധതി തയ്യാറാക്കി. വെനിസ്വേലായില്‍ നിന്നുള്ള അഭയാര്‍ത്ഥിപ്രവാഹം വര്‍ദ്ധിച്ചതോടെ അയല്‍രാജ്യങ്ങള്‍ ഇവരെ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എട്ട് രാജ്യങ്ങളിലെ ദേശീയ മെത്രാന്‍ സംഘങ്ങളുമായി ചേര്‍ന്ന് അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനു വത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. വത്തിക്കാന്‍ കുടിയേറ്റ-അഭയാര്‍ത്ഥി കാര്യാലയമാണ് എട്ടു രാജ്യങ്ങളിലെ സഭാനേതൃത്വവുമായി ബന്ധപ്പെട്ട് വെനിസ്വേലന്‍ അഭയാര്‍ത്ഥികള്‍ക്കായി സൗകര്യങ്ങളൊരുക്കുന്നത്.

'ഐകമത്യത്തിന്‍റെ പാലങ്ങള്‍' എന്നു പേരിട്ടിട്ടുള്ള പദ്ധതിക്കായി കാര്യാലയത്തിന്‍റെ രണ്ട് അണ്ടര്‍ സെക്രട്ടറിമാരെ മാര്‍പാപ്പ നേരിട്ടു നിയോഗിച്ചിരിക്കുകയാണ്. ഈശോസഭയുടെ തലവനും വെനിസ്വേലന്‍ പൗരനുമായ ഫാ. അര്‍തുറോ സോസയും ഇതിനോടു സഹകരിക്കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സേവനവിഭാഗം ഈശോസഭയ്ക്കുണ്ട്. കൊളംബിയ, ബ്രസീല്‍, ഇക്വഡോര്‍, പെറു, ചിലി, ബൊളീവിയ, പരാഗ്വേ, അര്‍ജന്‍റീന എന്നിവയാണ് എട്ടു രാജ്യങ്ങള്‍. സ്വാഗതം ചെയ്യുക, സംരക്ഷിക്കുക, വളര്‍ത്തുക, ഉള്‍ചേര്‍ക്കുക എന്നിങ്ങനെ നാലു ചുവടുകളുള്ള സഹായപദ്ധതിയാണ് കുടിയേറ്റക്കാര്‍ക്കായി വേണ്ടതെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org