വത്തിക്കാനെതിരെ വെനിസ്വേലന്‍ ഏകാധിപതിയുടെ രൂക്ഷശകാരം

വത്തിക്കാനെതിരെ വെനിസ്വേലന്‍ ഏകാധിപതിയുടെ രൂക്ഷശകാരം

വെനിസ്വേല നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ സംഭാഷണത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വത്തിക്കാന്‍ അയച്ച കത്തിനെതിരെ വെനിസ്വേലന്‍ പ്രസിഡന്റ് രൂക്ഷമായ വാക്കുകളുപയോഗിച്ചു പ്രതികരിച്ചു. "ചവറ്," "വിഷം," "വെറുപ്പ്," എന്നിങ്ങനെയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ അയച്ച കത്തിനെ പ്രസിഡന്റ് നിക്കോളാസ് മാദുരോ ശകാരിച്ചത്. വെനിസ്വേലന്‍ വ്യാപരസംഘടനകളുടെ യോഗത്തിനാണ് കാര്‍ഡിനല്‍ കത്തയച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത തലസ്ഥാനത്തെ സഹായമെത്രാന്‍ കത്തു വായിക്കുകയും ചെയ്തു. കാര്‍ഡിനല്‍ പിയെട്രോ വെനിസ്വേലായില്‍ വത്തിക്കാന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുള്ളയാള്‍ കൂടിയാണ്. അന്നു ഹ്യൂഗോ ഷാവെസ് ആയിരുന്നു വെനിസ്വേലന്‍ ഭരണാധികാരി.

ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും ക്ഷാമം, രൂക്ഷമായ തൊഴിലില്ലായ്മ, വൈദ്യുതിയില്ലായ്മ, വന്‍വിലക്കയറ്റം തുടങ്ങിയ മൂലം വെനിസ്വേലായില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നു വരികയാണ്. മാദുരോയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സര്‍ക്കാരിന്റെ ഭരണം മിക്കവാറും സ്തംഭിച്ച മട്ടാണ്. 2015 നു ശേഷം നാല്‍പതു ലക്ഷത്തിലേറെ വെനിസ്വേലാക്കാരാണ് ഇതര രാജ്യങ്ങളിലേയ്ക്കു കുടിയേറിയത്.

വെനിസ്വേലാ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ പൊതുസമൂഹം മുന്നില്‍ നിന്നു പ്രവര്‍ത്തിക്കണമെന്നാണ് കത്തില്‍ കാര്‍ഡിനല്‍ പരോളിന്‍ ആവശ്യപ്പെട്ടത്. രാഷ്ട്രീയ ഉത്തരവാദിത്വമുള്ള എല്ലാവരും ഒന്നിച്ചിരിക്കാനും ഗൗരവപൂര്‍ണമായ വിധത്തില്‍ സംസാരിക്കാനും വെനിസ്വേലാക്കാരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ പരിശോധിക്കാനും സമയബന്ധിതമായി തയ്യാറാകണമെന്നും അദ്ദേഹം കത്തില്‍ എഴുതിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org