വെനിസ്വേലായിലെ പ്രതിസന്ധിക്കു ജനാധിപത്യ പരിഹാരം കണ്ടെത്തണമെന്നു വത്തിക്കാന്‍

വെനിസ്വേലായിലെ പ്രതിസന്ധിക്കു ജനാധിപത്യ പരിഹാരം കണ്ടെത്തണമെന്നു വത്തിക്കാന്‍

ഭരണഘടനാമാറ്റത്തിന് അനുമതി തേടിയുള്ള തിരഞ്ഞെടുപ്പിനോടനുബന്ധമായി വെനിസ്വേലായിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കു സമാധാനപരവും ജനാധിപത്യപരവുമായ പരിഹാരം കണ്ടെത്തണമെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ ആവശ്യപ്പെട്ടു. വെനിസ്വേലായിലെ പ്രതിസന്ധിക്കു സമാധാനപരമായ പരിഹാരം തേടുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതിജ്ഞാബദ്ധനാണ്. യാതൊരു വിവേചനവും കൂടാതെ എല്ലാവരേയും സഹായിക്കാനാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്. ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് വത്തിക്കാന്‍ ആവശ്യപ്പെടുന്നു. ജനനന്മ മാത്രമായിരിക്കണം എല്ലാത്തിനും മാനദണ്ഡം – കാര്‍ഡിനല്‍ വിശദീകരിച്ചു.

1999-ലെ ഭരണഘടന പരിഷ്കരിക്കുന്നതിനു അനുമതി തേടിയാണ് വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പ് സുതാര്യമായല്ല നടത്തുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ഇതു ബഹിഷ്കരിച്ചിരുന്നു. 80 ലക്ഷം പേര്‍ വോട്ടു ചെയ്തെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ 24 ലക്ഷം പേര്‍ മാത്രമാണ് വോട്ടു ചെയ്തതെന്ന് തിരഞ്ഞെടുപ്പു നിരീക്ഷിച്ച ഒരു ഏജന്‍സി വിലയിരുത്തി. ആകെ വോട്ടര്‍മാരുടെ 12 ശതമാനം മാത്രമാണിത്. ഇവരില്‍ നാലിലൊരു വിഭാഗം ഭരണഘടനാപരിഷ്കരണത്തിന് വിസമ്മതം രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ വെനിസ്വേലായില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ഭരണഘടനാപരിഷ്കരണത്തിന് വെനിസ്വേലന്‍ കത്തോലിക്കാസഭ എതിരാണ്. പരിഷ്കരണം ഭരണഘടനാവിരുദ്ധം മാത്രമല്ല, അനാവശ്യവും അസൗകര്യവും ജനതയ്ക്ക് ദ്രോഹകരവുമാണെന്നു കത്തോലിക്കാ മെത്രാന്‍ സംഘം നേരത്തെ പ്രസ്താവിച്ചിരുന്നു. പ്രസിഡന്‍റ് നിക്കോളാസ് മാഡുരോയുടെ ഏകാധിപത്യപ്രവണതകളാണ് ഈ നടപടികളിലൂടെ പുറത്തു വരുന്നതെന്നു ആരോപിക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org