വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളില്‍ അടിയന്തിര പരിഹാരം ആവശ്യം: കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്‌

വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളില്‍ അടിയന്തിര പരിഹാരം ആവശ്യം: കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്‌

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്തെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുനഃപരിശോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി അഭിപ്രായപ്പെട്ടു. വിശദമായ പരിശോധനകള്‍ക്കുശേഷം സര്‍ക്കാര്‍ നടപ്പിലാക്കുകയും പിന്നീട് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയും ചെയ്ത നിലവിലുള്ള അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഭേദഗതി ചെയ്യുന്ന പക്ഷം 2013-14 വര്‍ഷം മുതല്‍ നിയമിതരായ ആയിരക്കണക്കിന് അദ്ധ്യാപകരുടെ ഭാവിയെ അപകടത്തിലാക്കും.

2016 മുതല്‍ നിയമിതരായ രണ്ടായിരത്തില്‍പരം അധ്യാപകര്‍ നിയമനഅംഗീകാരവും പ്രതിഫലവുമില്ലാതെ നാല് അധ്യയനവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2014 മുതല്‍ അംഗീകാരം നല്‍കിയ നിരവധി ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ തസ്തിക നിര്‍ണ്ണയം പോലും ഇനിയും നടത്തിയിട്ടില്ല. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ദിവസവേതനക്കാര്‍ക്ക് ഉള്‍പ്പെടെ പ്രതിഫലം നല്‍കാത്തത് കടുത്ത മനുഷ്യാവകാശധ്വംസനമാണ്.

വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളില്‍ മാനേജുമെന്റുകളുമായും അധ്യാപകസംഘടനകളുമായും ചര്‍ച്ച ചെയ്ത് സമവായത്തിലെത്താന്‍ വിദ്യാഭ്യാസ വകുപ്പ് സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു. കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി, ഷാജി മാത്യു, ഡി.ആര്‍. ജോസ്, മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org