വിദ്യാഭ്യാസരംഗത്തെ കാവിയണിയിക്കാനുള്ള നീക്കം ചെറുത്തു തോല്പിക്കണം – കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

ഗുജറാത്തിലെ സംസ്ഥാന സ്കൂള്‍ സിലബസ് പാഠപുസ്തകത്തില്‍ യേശുവിനെ ദുര്‍ദേവതയായി ചിത്രീകരിച്ചിരിക്കുന്നത് സംഘപരിവാറിന്‍റെ അജണ്ടയുടെ ഭാഗമാണെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ദേശീയ നേതാക്കളെ ഒഴിവാക്കുകയും സ്വാതന്ത്ര്യസമര നായകരായി ഹിന്ദുത്വ നേതാക്കളെ ചിത്രീകരിക്കുകയും ചെയ്യുന്നത് ഇതിന്‍റെ ഭാഗമാണ്. ഹിന്ദുത്വ അജണ്ടകള്‍ ലക്ഷ്യം വച്ചുകൊണ്ട് ടി.എസ്.ആര്‍. സുബ്രമണ്യം കമ്മീഷന്‍ റിപ്പോര്‍ട്ട് പുതിയ ദേശീയനയമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ജൂണ്‍ 21-ാം തീയതിയിലെ അന്താരാഷ്ട്ര യോഗദിനത്തിന്‍റെ ഭാഗമായി ഒരു മതവിഭാഗത്തിന്‍റെ ചിന്താധാരകളും വിശ്വാസങ്ങളും രാജ്യത്തെ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതും ഇതിന്‍റെ ഭാഗമാണ്.

രാജ്യത്തിന്‍റെ മതേതരമുഖം തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തുന്ന ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്ന സമീപനമാണ് നിര്‍ഭാഗ്യവശാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ മതേതര വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. മതസൗഹാര്‍ദ്ദവും സാഹോദര്യവും അപകടത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രസ്തുത പാഠപു സ്തകം എത്രയും വേഗം പിന്‍വലിക്കണമെന്ന് യോ ഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ജോഷി വടക്കന്‍ അദ്ധ്യക്ഷത വഹിച്ചു. കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സാലു പതാലില്‍, എം. എല്‍. സേവ്യര്‍, പോള്‍ ജെയിംസ്, ജെ. മരിയദാസ്, സി.റ്റി. വര്‍ഗ്ഗീസ്, ജെയിംസ് കോശി, സിസ്റ്റര്‍ ആല്‍ഫി, ജെസി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org