വിദ്യാഭ്യാസരംഗത്തെ ന്യൂനപക്ഷാവകാശ സംരക്ഷണത്തിന് മാനേജുമെന്‍റുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നു

പൊതുവിദ്യാഭ്യാസ രംഗത്തു തുടരുന്ന ന്യൂനപക്ഷാവകാശ ലംഘനങ്ങളെ നിയമപരമായി പ്രതിരോധിക്കാന്‍ സ്കൂള്‍ മാനേജുമെന്‍റുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ കമ്മീഷന്‍റെ മേല്‍നോട്ടത്തില്‍ വരുന്ന കണ്‍സോര്‍ഷ്യത്തില്‍ സംസ്ഥാനത്തെ കത്തോലിക്കാ രൂപതകളിലെയും സന്യാസ സഭകളിലെയും കോര്‍പ്പറേറ്റു മാനേജുമെന്‍റുകള്‍ക്കു പുറമേ വ്യക്തിഗത മാനേജുമെന്‍റുകളും അംഗങ്ങളാകും. വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷ വിരുദ്ധമായ സര്‍ക്കാര്‍ ഉത്തരവുകളെ നിയമപരമായി നേരിടുകയാണ് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനു പിന്നിലെ പ്രധാന ലക്ഷ്യം.
കേരള കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളിലുമായി എണ്‍പതോളം കോര്‍പ്പറേറ്റു മാനേജുമെന്‍റുകളുണ്ട്. ഇവയ്ക്കു പുറമെ വ്യക്തിഗത മാനേജുമെന്‍റുകളുമുണ്ട്. ഇവയുടെ ഏകോപനത്തിലാകും കണ്‍സോര്‍ഷ്യം പ്രവര്‍ത്തിക്കുക. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ ഏകപക്ഷീയമായ ഭേദഗതി, തസ്തിക നിര്‍ണയം, നിയമനാംഗീകാരങ്ങള്‍, അധ്യാപക നിയമനത്തിലെ ന്യൂനപക്ഷാവകാശ ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കണ്‍സോര്‍ഷ്യം കെസിബിസി വിദ്യാഭ്യാസ കമ്മീഷനുമായി ചേര്‍ന്ന് നിയമനടപടികള്‍ സ്വീകരിക്കും.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് രക്ഷാധികാരിയായി രൂപീകരിക്കുന്ന മാനേജുമെന്‍റ് കണ്‍സോര്‍ഷ്യത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി എക്സ് ഒഫീഷ്യോ സെക്രട്ടറിയാകും. വിവിധ മാനേജുമെന്‍റ് പ്രതിനിധികള്‍ക്കൊപ്പം നിയമരംഗത്തെ വിദഗ്ദര്‍ ഉപദേശകരായി കണ്‍സോര്‍ഷ്യത്തിലുണ്ടാകുമെന്ന് ഫാ. പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി. കെസിബിസി ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി ഇതിനോടകം കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org