വിശപ്പിനു കാരണമായത് നിസംഗതയും സ്വാര്‍ത്ഥതയും – ഫ്രാന്‍സിസ് മാര്‍പാപ്പ

വിശപ്പിനു കാരണമായത് നിസംഗതയും സ്വാര്‍ത്ഥതയും – ഫ്രാന്‍സിസ് മാര്‍പാപ്പ

വിശപ്പും പോഷണദാരിദ്ര്യവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുകയാണെന്നും നമ്മുടെ നിസംഗതയും സ്വാര്‍ത്ഥതയുമാണ് അതിനു കാരണമാകുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഇപ്പോഴത്തെ ലോകസാഹചര്യം സുഖകരമായ ഒരു ചിത്രമല്ല സമ്മാനിക്കുന്നത്. പക്ഷേ ഈ സാഹചര്യത്തോടു രാജിയാകാന്‍ നമുക്കു സാധിക്കില്ല. ലോകത്തിന്‍റെ ചില ഭാഗങ്ങളിലെ പ്രകൃതിദത്തമോ ഘടനാപരമോ ആയ പ്രതിഭാസങ്ങള്‍ മാത്രമല്ല വിശപ്പിനും പോഷണദാരിദ്ര്യത്തിനും കാരണമാകുന്നത്. മറിച്ച് ഏതാനും പേരുടെ നിസംഗതയിലും സ്വാര്‍ത്ഥതയിലും നിന്നുണ്ടാകുന്ന സങ്കീര്‍ണമായ സാഹചര്യമാണത്. യുദ്ധവും ഭീകരവാദവും പോലുള്ള വിനാശകരമായ അനന്തരഫലങ്ങളിലേയ്ക്കു നയിക്കുന്ന ചില മൂര്‍ത്തമായ തീരുമാനങ്ങളാണ് ഈ സ്ഥിതിയുണ്ടാക്കുന്നത്. ഏറ്റവും ബലഹീനരായവര്‍ക്കുമേല്‍ വീണ്ടും ഭാരങ്ങള്‍ അടിച്ചേല്‍പിക്കുന്ന സങ്കീര്‍ണമായ ഒരു പ്രക്രിയ ആണത്. അഭയവും പ്രത്യാശയും തേടി സ്വന്തം നാടുപേക്ഷിച്ചു പോകാന്‍ പോലും ആളുകള്‍ നിര്‍ബന്ധിതരാകുന്നു – മാര്‍പാപ്പ വിശദീകരിച്ചു. ലോക ഭക്ഷ്യകൃഷി സംഘടനയുടെ പൊതുസമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ഈ പരാമര്‍ശം.

ദരിദ്രര്‍ക്കും പോഷണദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും സഭ അനുധാവനം ചെയ്യുന്നതായി മാര്‍പാപ്പ പറഞ്ഞു. യു.എന്നിന്‍റെ 2030-ലേ ക്കുള്ള വികസന അജണ്ട ഈ പ്രതിബദ്ധതയെ കാണിക്കുന്നതാണ്. ആഗോള ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടിയുള്ള പോരാട്ടം മാറ്റി വയ്ക്കാന്‍ കഴിയുന്നതല്ലെന്നു യു. എന്‍. ഇതില്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ സകലമനുഷ്യരുടേയും ഐക്യത്തോടെയുള്ള ഒരു വലിയ പരിശ്രമത്തിനു മാത്രമേ ഇത്രയധികം മനുഷ്യരെ ജീവിതത്തിന്‍റെ അടിസ്ഥാനാവശ്യങ്ങള്‍ കരസ്ഥമാക്കുന്നവരായി മാറ്റാന്‍ കഴിയുകയുള്ളൂ. ഇത് ഭക്ഷ്യകൃഷി സംഘടനയുടെയും അന്താരാഷ്ട്രസ്ഥാപനങ്ങളുടെയും വലിയൊരു വെല്ലുവിളിയാണ്. സഭയ്ക്കും ഇതൊരു വലിയ വെല്ലുവിളിയാണ് -മാര്‍പാപ്പ വിശദീകരിച്ചു.

എല്ലാവര്‍ക്കും അനുദിന ആഹാരം നല്‍കുക എന്നതു മാത്രമായിരിക്കരുത് ലക്ഷ്യമെന്നും മാര്‍പാപ്പ പറഞ്ഞു. പോഷണ നിലവാരം ഉയര്‍ത്തുക എന്നതിനോട് ഓരോ രാജ്യത്തിനും പ്രതിബദ്ധത ഉണ്ടായിരിക്കണം. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കണം. ഗ്രാമീണ ജനതയുടെ ജീവിതസാഹചര്യങ്ങള്‍ ഉയര്‍ത്തണം. ഭക്ഷ്യവിഭവങ്ങളുടെ ഫലപ്രദമായ വിതരണം ഉറപ്പാക്കണം. ഇതിനെല്ലാമപ്പുറത്ത്, ഓരോ വ്യക്തിക്കും ദാരിദ്ര്യത്തില്‍ നിന്നും വിശപ്പില്‍ നിന്നും മോചനം നേടുന്നതിനുള്ള അവകാശമുണ്ടെന്നും ഇതിനവരെ പ്രാപ്തരാക്കുക മനുഷ്യസമൂഹത്തിന്‍റെയാകെ കടമയാണെന്നും അംഗീകരിക്കപ്പെടണം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org