വിശുദ്ധ നാട്ടില്‍ ക്രൈസ്തസഭകള്‍ക്കിടയില്‍ സഹകരണം വര്‍ദ്ധിക്കുന്നു

വിശുദ്ധ നാട്ടില്‍ ക്രൈസ്തസഭകള്‍ക്കിടയില്‍ സഹകരണം വര്‍ദ്ധിക്കുന്നു
Published on

വിശുദ്ധനാട്ടില്‍ വിവിധ ക്രൈസ്തവസഭകള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിച്ചു വരുന്നു. തിരുക്കല്ലറ ദേവാലയത്തില്‍ ക്രിസ്തുവിന്‍റെ മൃതദേഹം സംസ്കരിച്ചതെന്നു വിശ്വസിക്കപ്പെടുന്ന നിലവറ തുറന്നു പരിശോധിക്കുകയും പുനരുദ്ധരിച്ചു സമര്‍പ്പിക്കുകയും ചെയ്ത സംഭവം ഈ വര്‍ദ്ധിച്ച ഐക്യത്തിനുള്ള തെളിവായി ഉദാഹരിക്കപ്പെടുകയും ചെയ്യുന്നു. വിവിധ ക്രൈസ്തവസഭകള്‍ സംയുക്തമായിട്ടാണ് ഇക്കാര്യങ്ങള്‍ ചെയ്തത്.
ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മീനിയന്‍, ലാറ്റിന്‍ കാത്തലിക് പാത്രിയര്‍ക്കേറ്റുകളാണ് പ്രധാനമായും വിശുദ്ധനാട്ടിലുള്ള ക്രൈസ്തവസഭകള്‍. പ്രധാന ക്രൈസ്തവ പുണ്യസ്ഥലങ്ങളുടെ ചുമതലയും സംരക്ഷണവും നിര്‍വഹിക്കുന്നത് ഈ സഭകളാണ്. (കത്തോലിക്കാസഭയ്ക്കു വേണ്ടി ഇതു ചെയ്യുന്നത് ഫ്രാന്‍സിസ്കന്‍ സന്യാസികളാണ്.) ഇവയോടൊപ്പം കോപ്റ്റിക്, സിറിയന്‍, എത്യോപ്യന്‍ എന്നീ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെയും ഗ്രീക്ക്, മാരോണൈറ്റ്, സിറിയന്‍, അര്‍മീനിയന്‍ എന്നീ പൗരസ്ത്യ കത്തോലിക്കാസഭകളുടെയും ചെറിയ സമൂഹങ്ങള്‍ വിശുദ്ധനാട്ടില്‍ കഴിയുന്നുണ്ട്. ഓരോ ആംഗ്ലിക്കന്‍, ലൂഥറന്‍ ബിഷപ്പുമാരും നിരവധി ചെറിയ പെന്തക്കോസ്തല്‍ വിഭാഗങ്ങളും ജറുസലേം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. എപ്പിസ്കോപ്പല്‍ ഘടനകളുള്ള 12 പ്രധാനസഭകള്‍ ഇപ്പോള്‍ സ്ഥിരമായി സമ്മേളിക്കുകയും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് 50 വര്‍ഷത്തിലേറെയായി ജറുസലേമില്‍ കഴിയുന്ന കത്തോലിക്കാ സന്യാസിയായ ഫാ.ഫ്രാന്‍സ് ബൗവന്‍ പറഞ്ഞു.
ജെറുസലേം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരില്‍ പലരും ഇവിടെ സഭകള്‍ തമ്മില്‍ തര്‍ക്കത്തിലാണെന്ന ധാരണയുമായാണ് തിരികെ പോകുന്നതെന്ന് ഫാ. ഫ്രാന്‍സ് സൂചിപ്പിച്ചു. ഇതിന്‍റെ കാരണം പ്രധാനമായും ടൂര്‍ ഗൈഡുകള്‍ പരത്തുന്ന തെറ്റിദ്ധാരണയാണ്. ഗൈഡുകള്‍ പരമ്പരാഗതമായി പറഞ്ഞു പോരുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ യഥാര്‍ത്ഥ ജീവിതത്തെ ഇതൊരിക്കലും പ്രതിഫലിപ്പിക്കുന്നില്ല. ബന്ധങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനവും ഗ്രീക്ക് പാത്രിയര്‍ക്കീസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതുമാണ് ഈ മാറ്റത്തിന് ആരംഭം കുറിച്ചത്. 1990 കളില്‍ സഭാന്തര ബന്ധങ്ങള്‍ വളരെയധികം സാധാരണ നിലയിലായി. ക്രിസ്മസിനും ഈസ്റ്ററിനും സംയുക്ത സന്ദേശങ്ങളും വിവിധ സന്ദര്‍ഭങ്ങളില്‍ സംയുക്ത പ്രസ്താവനകളും ജെറുസലേമിലെ സഭകള്‍ പുറപ്പെടുവിക്കുന്നത് ഇപ്പോള്‍ പതിവാണ് – ഫാ.ഫ്രാന്‍സ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org