വിശുദ്ധി മടിയന്മാര്‍ക്കുള്ളതല്ല -ഫ്രാന്‍സിസ് മാര്‍പാപ്പ

വിശുദ്ധി മടിയന്മാര്‍ക്കുള്ളതല്ല -ഫ്രാന്‍സിസ് മാര്‍പാപ്പ

വിശുദ്ധിയുടെ വഴി മടിയന്മാര്‍ക്കുള്ളതല്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അള്‍ത്താരശുശ്രൂഷികളോടു പ്രസ്താവിച്ചു. കാരുണ്യപ്രവൃത്തികള്‍ ചെയ്തുകൊണ്ടു വിശുദ്ധി തേടാന്‍ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പാപ്പ വ്യക്തമാക്കി. സെ. പീറ്റേഴ്സ് അങ്കണത്തില്‍ അള്‍ത്താര ശുശ്രൂഷികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. അറുപതിനായിരത്തിലേറെ യുവ അള്‍ത്താര ശുശ്രൂഷികള്‍ മാര്‍പാപ്പയെ ശ്രവിക്കാനെത്തിയിരുന്നു.

കാരുണ്യത്തിന്‍റെ പ്രവൃത്തികളെ കുറിച്ചു പഠിക്കാന്‍ യൂണിവേഴ്സിറ്റികളില്‍ പോകുകയോ ബിരുദം സമ്പാദിക്കുകയോ ചെയ്യേണ്ടതില്ലെന്നു മാര്‍പാപ്പ സൂചിപ്പിച്ചു. പ്രാര്‍ത്ഥനയിലും വിശുദ്ധബലിയിലും സുവിശേഷവായനയിലും യേശുവിനെ കണ്ടുമുട്ടുക. അങ്ങനെ അവിടുത്തെ കൂടുതല്‍ കൂടുതലായി അറിയുക. മറ്റുള്ളവരെ യേശുവിലേയ്ക്കു കൊണ്ടു വരാന്‍ യുവജനങ്ങള്‍ക്കും സാധിക്കും. യേശുവിനെ പ്രതിയുള്ള തീക്ഷ്ണത കൊണ്ടു നിറഞ്ഞിരിക്കുന്നവര്‍ക്ക് ഇതെളുപ്പമാകും. വ്യക്തിപരമായി അവിടുത്തെ അറിയുമ്പോഴാണ് ഈ തീക്ഷ്ണത കൈവരിക – മാര്‍പാപ്പ വിശദീകരിച്ചു.

എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ മാര്‍പാപ്പ യുവജനങ്ങളോട് ആവശ്യപ്പെട്ടു. സന്മാതൃക നല്‍കാന്‍ കഴിയുന്ന സുഹൃത്തുക്കളെ എല്ലാവര്‍ക്കും ആവശ്യമുണ്ട്. ഒരുപാടു വാക്കുകളുടെ ആവശ്യമില്ല. പ്രവൃത്തികളാണു കൂടുതല്‍ പ്രധാനം. നിങ്ങളുടെ അടുപ്പം, സേവനതാത്പര്യം, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവയാണ് ആവശ്യം. വിശ്വാസികളുടെ കൂട്ടായ്മ എത്ര മനോഹരമാണെന്ന് മറ്റുള്ളവര്‍ അറിയാന്‍ സഹായിക്കുക – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org