മാര്‍പാപ്പയുടെ വിശുദ്ധവാര കര്‍മ്മങ്ങളില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശുദ്ധവാരകര്‍മ്മങ്ങളിലേയ്ക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുകയില്ലെന്നു വത്തിക്കാന്‍ അറിയിച്ചു. ഇപ്പോഴത്തെ ആഗോള ആരോഗ്യാടിയന്തിരാവസ്ഥ മൂലം വിശുദ്ധവാരകര്‍മ്മങ്ങളില്‍ വിശ്വാസികളുടെ ഭൗതികസാന്നിദ്ധ്യം ഉണ്ടാകില്ലെന്നാണു പേപ്പല്‍ വസതിയില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. മാര്‍പാപ്പയുടെ പൊതുദര്‍ശനങ്ങളിലും ആരാധനാക്രമകര്‍മ്മങ്ങളിലും പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായ പ്രവേശനടിക്കറ്റുകള്‍ നല്‍കുന്നതിന്‍റെ ചുമതല പേപ്പല്‍ വസതിയുടെ കാര്യാലയത്തിനാണ്. പൊതുജനങ്ങളെ നേരിട്ടു പ്രവേശിപ്പിക്കാതെ വിശുദ്ധവാരകര്‍മ്മങ്ങള്‍ എങ്ങിനെയാണു ചെയ്യുകയെന്നതിനെ സംബന്ധിച്ചു അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു. വത്തിക്കാനിലെ വിശുദ്ധവാര-ഈസ്റ്റര്‍ കര്‍മ്മങ്ങള്‍ പതിവു പോലെ തത്സമയം സംപ്രേഷണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഓശാന ഞായറാഴ്ച സെ.പീറ്റേഴ്സ് അങ്കണത്തിലെ ഓശാന കുര്‍ബാന, പെസഹാ വ്യാഴാഴ്ച സെ.പീറ്റേഴ്സ് ബസിലിക്കയിലെ ക്രിസം കുര്‍ബാന, ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിലെ കുരിശിന്‍റെ വഴി, ഈസ്റ്റര്‍ ഞായറാഴ്ച ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്നു നല്‍കുന്ന ആശീര്‍വാദം എന്നിവയാണ് മാര്‍പാപ്പയുടെ പ്രധാന വിശുദ്ധവാരകര്‍മ്മങ്ങള്‍. മാര്‍പാപ്പയുടെ ബുധനാഴ്ചകളിലെ പൊതുദര്‍ശനങ്ങള്‍, ഞായറാഴ്ചകളിലെ ത്രികാലപ്രാര്‍ത്ഥനകള്‍ തുടങ്ങിയവ ഏപ്രില്‍ 12 വരെ തത്സമയ വീഡിയോ സംപ്രേഷണം വഴിയായിരിക്കും നടത്തുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org