വിശ്വാസവിരുദ്ധ പരമാര്‍ശം: സര്‍ക്കാര്‍ നടപടി സ്വീകരിക്കണം – കെസിബിസി

കൊച്ചി: ക്രൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമായ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ നിന്ദിച്ചും അവഹേളിച്ചും കേരളാഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിജ്ഞാനകൈരളി മാസികയില്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ നടത്തിയ പരാമര്‍ശനം ക്രൈസ്തവരെ മാത്രമല്ല, മതസ്വാതന്ത്ര്യത്തിലും ജനാധിപത്യമൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരെയും അസ്വസ്ഥരാക്കുന്നതാണെന്ന് കെസിബിസി.

നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) വൊളന്‍റീയര്‍മാരിലൂടെ സംസ്ഥാനത്തെ സ്കൂളുകളില്‍ വിതരണം ചെയ്യുന്ന പ്രസ്തുത മാസികയിലെ പരാമര്‍ശം നിരുത്തരവാദപരവും ദുരുദ്ദേശ്യപരവും ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്യത്തിന്‍റെ ലംഘനവുമാണ്. സര്‍ക്കാരിന്‍റെ ഉത്തരവാദിത്വപ്പെട്ട സ്ഥാപനത്തില്‍ നിന്നുമുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ആശങ്കാജനകമാണ്. ജനാധിപത്യ മൂല്യങ്ങളും മതസ്വാതന്ത്യവും ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സ്വന്തം പ്രസിദ്ധീകരണത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ മതവിരുദ്ധ ചിന്താഗതി വളര്‍ത്താന്‍ ശ്രമിക്കുന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നത് അപലനീയമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനം പകരുന്നു എന്നവകാശപ്പെടുന്ന വിജ്ഞാന കൈരളി മാസിക സര്‍ക്കാരിന്‍റെ വിശ്വാസവിരുദ്ധ നിലപാടിനെയാണോ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മതനിന്ദയും മതവിദ്വേഷവും സൃഷ്ടിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വിശ്വാസീസമൂഹം അതീവ ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്‍റെ അധ്യക്ഷതയില്‍ പിഒസിയില്‍ ചേര്‍ന്ന കെസിബിസി ഐക്യജാഗ്രതാ സമിതിയുടെ അവലോകനയോഗം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org