വിശ്വാസകാര്യാലയത്തില്‍ മൂന്നു വനിതകളെ നിയമിച്ചു

വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിലെ ആലോചനക്കാരായി അഞ്ചു പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അവരില്‍ മൂന്നു പേര്‍ വനിതകളാണ്. രണ്ടു പേര്‍ പുരോഹിതരും. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ കാനന്‍ നിയമ പ്രൊഫസര്‍ ഡോ.ലിന്‍ഡ ഗിസോനി, ദൈവശാസ്ത്ര പ്രൊഫസര്‍ ഡോ. മിഷേലിന ടെനസ്, പാരീസിലെ ബെര്‍ണാഡിന്‍സ് കോളേജിലെ ദൈവശാസ്ത്ര അദ്ധ്യാപിക ഡോ. ലെറ്റീഷ്യ കാള്‍മെയ്ന്‍ എന്നിവരാണ് വനിതകള്‍. ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര പ്രൊഫസര്‍ ഫാ. സെര്‍ജിയോ ബൊനാഞ്ഞി, ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ ഡീന്‍ ഫാ. മാനുവല്‍ കൊണ്ടെ എന്നിവരാണു പുതുതായി നിയമിതരായ മറ്റു രണ്ടു പേര്‍.

വനിതകള്‍ കണ്‍സല്‍ട്ടര്‍മാര്‍ എന്ന പദവിയില്‍ ഇതിനു മുമ്പ് വിശ്വാസകാര്യാലയത്തില്‍ ഉണ്ടായിരുന്നതായി അറിവില്ല. സമീപചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു. ഉദ്യോഗസ്ഥരായി ഉണ്ടായിട്ടുണ്ട്. വനിതകള്‍ക്കു റോമന്‍ കൂരിയായില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലിയുടെ തുടര്‍ച്ചയാണ് ഈ നിയമനങ്ങള്‍.

ആഗോളസഭയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വത്തിക്കാന്‍ കാര്യാലയങ്ങളില്‍ ഒന്നാണിത്. കത്തോലിക്കാസഭയുടെ വിശ്വാസസംഹിത സംരക്ഷിക്കുകയും കാലാകാലങ്ങളില്‍ വിശദീകരിക്കുകയും ചെയ്യുക ഈ കാര്യാലയത്തിന്‍റെ ചുമതലയാണ്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദീര്‍ഘകാലം ഈ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷനായിരുന്നു. ഇപ്പോള്‍ ആര്‍ച്ചുബിഷപ് ലൂയിസ് ഫെറര്‍ എസ്.ജെ. ആണ് കാര്യാലയാദ്ധ്യക്ഷന്‍. കാര്‍ഡിനല്‍മാരും മെത്രാന്മാരും കാനന്‍ നിയമപണ്ഡിതരും ദൈവശാസ്ത്രജ്ഞരും കാര്യാലയത്തിന്‍റെ കണ്‍സല്‍ട്ടര്‍മാരാണ്.

പുതിയ കണ്‍സല്‍ട്ടറായ ഡോ. ലിന്‍ഡ് ഗിസോനി വത്തിക്കാന്‍ അല്മായ, കുടുംബ, ജീവന്‍ കാര്യാലയത്തിലെ സബ് സെക്രട്ടറിയായി 2017-ല്‍ നിയമിക്കപ്പെട്ടിരുന്നു. 52 കാരിയായ അവര്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിക്കു പുറമെ റോമിലെ ഒരൂ സെക്കുലര്‍ യൂണിവേഴ്സിറ്റിയിലും നിയമം പഠിപ്പിക്കുന്നുണ്ട്. കൂടാതെ റോം രൂപതാകോടതിയിലെ ജഡ്ജിമാരില്‍ ഒരാളുമാണ്. വിവാഹമോചനക്കേസുകളിലെ അപ്പീലുകള്‍ പരിഗണിക്കുന്ന പരമോന്നത സഭാകോടതിയായ റോമന്‍ റോട്ടായിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അല്മായ വനിതയാണ്. ഡോ. മിഷെലിന ടെനസ് സമര്‍പ്പിതയാണ്. നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. വനിതാ ഡയക്കനേറ്റിനെ കുറിച്ചു പഠിക്കാന്‍ മാര്‍പാപ്പ 2016-ല്‍ നിയോഗിച്ച കമ്മീഷനില്‍ അംഗമായിരുന്നു. ഇവര്‍ ഇരുവരും ഇറ്റലിക്കാരാണ്. 42 കാരിയായ ഡോ.ലെറ്റീഷ്യ ബെല്‍ജിയം സ്വദേശിനിയും സന്യസ്തയുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org