വിശ്വാസത്തിലുറച്ച പ്രത്യാശയോടെ പ്രതിസന്ധികളെ അതിജീവിക്കണം – മാര്‍ ആലഞ്ചേരി

വിശ്വാസത്തിലുറച്ച പ്രത്യാശയോടെ പ്രതിസന്ധികളെ അതിജീവിക്കണം – മാര്‍ ആലഞ്ചേരി

തീക്ഷ്ണമായ വിശ്വാസത്തില്‍ അടിയുറച്ച പ്രത്യാശയോടെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാന്‍ സാധിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടത്തിയ പ്രതിഭാസംഗമത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്‍റെ സാക്ഷ്യത്തിലൂടെ വിശ്വാസത്തെ പ്രവര്‍ത്തനനിരതമാക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കേണ്ടതുണ്ട്. ദൈവികമായി ലഭിച്ച കഴിവുകളെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിക്കൂടി ഉപയോഗിക്കുമ്പോഴാണു പ്രതിഭ പൂര്‍ണതയിലെത്തുന്നതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ബാബു ചിരിയങ്കണ്ടത്ത്, ഫാ. ഡായി കുന്നത്ത്, നിജോ ജോസഫ് പുതുശേരി, സിസ്റ്റര്‍ ഡീന, ദിയ മരിയ ജോര്‍ജ്, കിരണ്‍ റോയ്, ലിയ മാത്യു എന്നിവര്‍ പ്രസംഗിച്ചു. സഭയിലെ രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണു മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്. പ്രതിഭാപുരസ്കാരങ്ങള്‍ക്ക് എഫ്. ജെയിംസ്, മാത്യു സാജന്‍ തൃശൂര്‍ (ഇരുവരും തൃശൂര്‍), അശ്വിന്‍ സാബു (പാലാ), ജിബിന്‍ പൗലോസ് (പാലക്കാട്), നവീന്‍ ജോസഫ്, എല്‍സീന തോമസ് (ഇരുവരും കോതമംഗലം), റാണി മരിയ (തലശേരി), ഷാലി ഷാജി (ഇടുക്കി), ഹരിത ജോണ്‍സണ്‍ (താമരശേരി), ദിയ മരിയ ജോര്‍ജ് (ചങ്ങനാശേരി) എന്നിവര്‍ അര്‍ഹരായി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org