വിവാഹമോചിതര്‍ക്ക് ചില സാഹചര്യങ്ങളില്‍ വി.കുര്‍ബാന അനുവദിക്കാം -വത്തിക്കാന്‍ നിയമകാര്യാലയാദ്ധ്യക്ഷന്‍

വിവാഹമോചിതര്‍ക്ക് ചില സാഹചര്യങ്ങളില്‍ വി.കുര്‍ബാന അനുവദിക്കാം -വത്തിക്കാന്‍ നിയമകാര്യാലയാദ്ധ്യക്ഷന്‍

വിവാഹമോചിതരും പുനഃവിവാഹിതരുമായ വിശ്വാസികള്‍ക്കു ചില പ്രത്യേക സാഹചര്യങ്ങളില്‍ കുമ്പസാരവും വി.കുര്‍ബാന സ്വീകരണവും അനുവദിക്കാവുന്നതാണെന്ന് വത്തിക്കാന്‍ നിയമപാഠ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫ്രാന്‍സിസ്കോ കോക്കോപാല്‍മീരോ പ്രസ്താവിച്ചു. 'അമോരിസ്ലെത്തീസ്യ' എന്ന അപ്പസ്തോലിക പ്രഖ്യാപനത്തിന്‍റെ എട്ടാം അദ്ധ്യായത്തെ കുറിച്ചു വിശദീകരിച്ചുകൊണ്ടു പ്രസിദ്ധീകരിച്ച പ്രത്യേക ലഘുലേഖയിലാണ് കാര്‍ഡിനല്‍ ഇതു വ്യക്തമാക്കുന്നത്. വിവാഹമോചിതരും പുനഃവിവാഹിതരുമായ വ്യക്തികള്‍ക്കു തങ്ങളുടെ അവസ്ഥയില്‍ നിന്നു മാറാന്‍ ആഗ്രഹമുണ്ടായിരിക്കുകയും എന്നാല്‍ അതു കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ അവര്‍ക്കു കുമ്പസാരിക്കാനും കുര്‍ബാന സ്വീകരിക്കാനും അനുമതിയുണ്ടായിരിക്കുമെന്നാണ് കാര്‍ഡിനല്‍ വിശദീകരിച്ചിരിക്കുന്നത്. അപ്പസ്തോലിക പ്രഖ്യാപനത്തിലെ പ്രബോധനപരവും അജപാലനപരവുമായ സന്ദേശം എളുപ്പത്തില്‍ ഗ്രഹിക്കുന്നതിനുവേണ്ടിയാണ് നിയമപാഠകാര്യാലയം ഇങ്ങനെയൊരു ലഘുലേഖ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'അമോരിസ് ലെത്തീസ്യ'യുടെ എട്ടാമദ്ധ്യായം നിഷേധാത്മകമായി വായിക്കപ്പെടാനുള്ള സാദ്ധ്യത ഇല്ലാതാക്കുകയാണ് ലഘുലേഖയുടെ ലക്ഷ്യം.
വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം തന്നെയാണ് 'അമോരിസ് ലെത്തീസ്യ'യില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ളതെന്നു കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. വി വാഹബന്ധം അഭേദ്യമാണെന്ന സഭയുടെ പ്രബോധനത്തില്‍ യാതൊരു മാറ്റവുമില്ല. വിവാഹത്തിന്‍റെ മഹത്ത്വത്തെ സംബന്ധി ച്ച ദൈവികപദ്ധതിയെ ഒരുതരത്തിലും തള്ളിപ്പറയാന്‍ സഭ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ആപേക്ഷികതാവാദം സുവിശേഷത്തോടുള്ള വിശ്വസ്തത ഇല്ലാതാക്കും. വിവാഹബന്ധങ്ങള്‍ പരാജയപ്പെടുന്നതിനും നിയമപരമല്ലാത്ത ബന്ധങ്ങള്‍ നിലനിറുത്തുന്നതിനുമുള്ള സങ്കീര്‍ണമായ കാരണങ്ങള്‍ 'അമോരിസ് ലെത്തീസ്യ'യില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ഇത്തരമൊരു ബന്ധത്തില്‍ നിന്ന് ഒരു സ്ത്രീ പുറത്തുകടന്നാല്‍ ഒരുപക്ഷേ ആ പുരുഷന്‍ കൂടുതല്‍ പാപകരമായ അവസ്ഥയിലേയ്ക്കു പോകുകയും കുട്ടികള്‍ക്ക് അമ്മയില്ലാത്ത സാഹചര്യമുണ്ടാകുകയും ചെയ്തേക്കാം. ഇങ്ങനെയൊരു സാഹചര്യത്തില്‍ പുതിയൊരു പാപം ഉണ്ടാകാതെ നോക്കുന്നതിനും നിഷ്കളങ്കരായ കുഞ്ഞുങ്ങളോടുള്ള കടമ നിറവേറ്റുന്നതി നും ആ ബന്ധത്തില്‍ തുടരുവാന്‍ ആ സ്ത്രീ നിര്‍ബന്ധിതയാകുന്നു – കാര്‍ഡിനല്‍ വിശദീകരിച്ചു.
ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്തി, തങ്ങളുടെ അവസ്ഥ മാറ്റാന്‍ കഴിയാത്ത അവസ്ഥയിലാണോ വിവാഹമോചിതരും പുനര്‍വിവാഹിതരുമെന്നു മനസ്സിലാക്കി അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ ദേശം നല്‍കാന്‍ അവരെ നേരിട്ടറിയുന്ന ഇടവകവികാരിക്കു സാധിക്കുമെന്ന് കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. ഇത്തരം സങ്കീര്‍ണസാഹചര്യങ്ങളെക്കുറിച്ചു ഉപദേശങ്ങള്‍ നല്‍കുന്നതിനുള്ള ഒരു രൂപതാകാര്യാലയം ഉണ്ടായിരിക്കുക പ്രയോജനപ്രദമാണ്. തങ്ങള്‍ ഗുരുതരമായ പാപാവസ്ഥയിലാണെന്ന് അറിയുകയും അതില്‍ നിന്നു മാറാന്‍ സാധിക്കുമെങ്കിലും മാറാന്‍ തയ്യാറല്ലാതിരിക്കുകയും ചെയ്യുന്ന സ്ത്രീപുരുഷ ജോടികള്‍ക്കു മാത്രമേ വി. കുര്‍ബാന നിഷേധിക്കേണ്ടതുള്ളൂ – കാര്‍ഡിനല്‍ വി ശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org