വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: -മാര്‍ ജോസഫ് പാംപ്ലാനി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കുക:  -മാര്‍ ജോസഫ് പാംപ്ലാനി

ക്രൈസ്തവ വിശ്വാസത്തിനും തിരുസഭയ്ക്കുമെതിരായി ബോധപൂര്‍വ്വം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവരെക്കുറിച്ച് വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് സീറോ-മലബാര്‍ മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി അനുസ്മരിപ്പിച്ചു. ക്രൈസ്തവ സഭയ്ക്കെതിരേ ചില നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന കരുനീക്കങ്ങളില്‍ മുഖ്യധാര മാധ്യമങ്ങള്‍ പോലും അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സഭയോട് വിശ്വസ്തത പുലര്‍ത്തി സമൂഹത്തിന് നന്മ ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് സന്യസ്തരുടെ പ്രവര്‍ത്തനങ്ങളെ തമസ്കരിക്കുന്ന മാധ്യമങ്ങള്‍ വിമതപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുന്നവര്‍ക്ക് അനര്‍ഹമായ പ്രോത്സാഹനം നല്കുന്നതായും കാണുന്നുവെന്ന് ഇതു സംബന്ധിച്ചു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ മാര്‍ പാംപ്ലാനി വിശദീകരിച്ചു

സീറോ-മലബാര്‍ സഭയുടെ തലവന്‍റെ അധികാര പരിധിക്ക് പുറത്തുള്ള വിഷയങ്ങളില്‍പ്പോലും അദ്ദേഹത്തിന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനെ മാധ്യമ കമ്മീഷന്‍ ഗൗരവത്തോടെ കാണുന്നു. മാധ്യമങ്ങളുടെയും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെയും പിന്തുണയോടെ സന്യാസജീവിതത്തിന്‍റെ വിശുദ്ധിയെയും സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നവരുടെ കപടമുഖം വിശ്വാസികള്‍ ജാഗ്രതയോടെ തിരിച്ചറിയണം. സഭാധികാരികളെയും സഭാ സംവിധാനങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന സംഭവവികാസങ്ങളെ വിവേകത്തോടെയും ജാഗ്രതയോടെയും വിലയിരുത്താന്‍ വിശ്വാസികള്‍ പരിശ്രമിക്കണം. പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് സഭ എന്നും വളര്‍ന്നിട്ടുള്ളത്. സമകാലിക സാഹചര്യത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ കൂട്ടായ്മയിലും പ്രാര്‍ത്ഥനയിലും നേരിടണമെന്നും ബിഷപ് ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭാ സംബന്ധമായ കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കുന്നത് ഇനി മുതല്‍ മീഡിയ കമ്മീഷന്‍ ആയിരിക്കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org