ശബ്ദമില്ലാത്ത ജീവിതത്തില്‍ സ്നേഹത്തിന്‍റെ ശബ്ദമാകാന്‍ വിവാഹ ഒരുക്ക കോഴ്സ്

ശബ്ദമില്ലാത്ത ജീവിതത്തില്‍ സ്നേഹത്തിന്‍റെ ശബ്ദമാകാന്‍ വിവാഹ ഒരുക്ക കോഴ്സ്

കൈകളുയര്‍ത്തി ആഹ്ളാദം പ്രകടിപ്പിച്ചാണ് ബധിരരും മൂകരുമായ വിവാഹാര്‍ത്ഥികള്‍ തങ്ങള്‍ക്കു വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സിലേക്ക് പ്രവേശിച്ചത്. പരസ്പരം ഉള്‍ക്കൊള്ളാനുള്ള മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും ഐക്യം അവരില്‍ പുതുപ്രതീക്ഷയുടെ വെളിച്ചമായി. കൊല്ലം കൊട്ടിയം ആനിമേഷന്‍ സെന്‍ററില്‍ നടന്ന ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സാണ് ഈ രംഗത്ത് നവ്യാനുഭവമായത്. കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്‍റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. കെസിബിസി ഫാമിലി കമ്മീഷന്‍ നേതൃത്വം നല്‍കിയ ഈ കോഴ്സില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചെറുപ്പക്കാര്‍ പങ്കെടുത്തു.

സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത ഇവര്‍ കൈകളുടെയും കണ്ണുകളുടെയും ചലനങ്ങളിലൂടെ പരസ്പരം പരിചയപ്പെടുത്തുന്നത് വേറിട്ട അനുഭവമായി. മൂന്നു ദിവസം നീണ്ടുനില്ക്കുന്നതാണ് ഈ വിവാഹ ഒരുക്ക കോഴ്സ്. വിവാഹജീവിതം, ലൈംഗികത, ആശയവിനിമയം തുടങ്ങിയ കുടുംബജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിലാണ് ക്ലാസ്സുകള്‍. പ്രത്യേകം പരിശീലനം ലഭിച്ചവരാണ് സൈന്‍ ലാംഗ്വേജില്‍ ക്ലാസ്സുകള്‍ നയിക്കുന്നത്. ഈ ഒത്തുചേരലിന്‍റെ അവസാനത്തില്‍ ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹാലോചനാ സംഗമമായ കല്യാണവേദികയും നടക്കും. യുവതീയുവാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കാനുള്ള വേദിയുമാണിത്. ഇഷ്ടപങ്കാളിയെ കണ്ടെത്തിയാല്‍ കുടുംബാംഗങ്ങള്‍ക്ക് ആലോചന തുടരാവുന്ന വിധത്തിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ, ബധിരരും മൂകരുമായ യുവതീ യുവാക്കള്‍ക്കു വേണ്ടി കെസിബിസി തലത്തില്‍ നടക്കുന്ന മാട്രിമോണിയല്‍ സര്‍വീസില്‍ (കെസിബിസി മാട്രിമണി ഫോര്‍ ദ ഡഫ്) രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും കോഴ്സിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ആശയവിനിമയത്തിലെ തെറ്റിദ്ധാരണകള്‍ കൊണ്ട് ദാമ്പത്യജീവിതത്തില്‍ ഉണ്ടാകുന്ന താളപ്പിഴകളും അവരുടെ ശാരീരിക മാനസിക സംഘര്‍ഷങ്ങളും ബധിരരും മൂകരുമായിട്ടുള്ളവരുടെ ദാമ്പത്യജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്ന പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് കെസിബിസി ഈ സംരംഭത്തിന് മുന്‍ കയ്യെടുത്തതെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org