ശൈത്യകാല ഒളിമ്പിക്സിനു വത്തിക്കാന്‍ സംഘവും

ശൈത്യകാല ഒളിമ്പിക്സിനു വത്തിക്കാന്‍ സംഘവും

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സില്‍ വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധിസംഘവും പങ്കെടുക്കുന്നു. വത്തിക്കാന്‍ സാംസ്കാരിക കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറി മോണ്‍. മെല്‍ക്കര്‍ സാഞ്ചെസ് ആണു വത്തിക്കാന്‍ സംഘത്തെ നയിക്കുന്നത്. അന്തര്‍ദേശീയ ഒളിമ്പിക് സമിതിയുടെ യോഗത്തിലും മോണ്‍. സാഞ്ചെസ് പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് ഐഒസിയുടെ ഒരു യോഗത്തില്‍ വത്തിക്കാന്‍ പ്രതിനിധി പങ്കെടുക്കുന്നത്. 2016-ല്‍ ബ്രസീലിലെ ഒളിമ്പിക്സിലും വത്തിക്കാന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കിലും സമിതി യോഗത്തിലേയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിക്കുന്നത് ഇതാദ്യമാണ്. വത്തിക്കാന് ദേശീയ ഒളിമ്പിക് സമിതിയില്ലാത്തതിനാല്‍ ഐഒസി പ്രസിഡന്‍റ് തോമസ് ബാക്കിന്‍റെ ഈ ക്ഷണം അപൂര്‍വതയാണ്. ഒളിമ്പിക്സ് കാര്യപരിപാടികള്‍, ഭാവിയി ലെ ഒളിമ്പിക്സ് വേദികളുടെ തിരഞ്ഞെടുപ്പ്, മറ്റു നിരവധി തന്ത്രപ്രധാന പദ്ധതികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന സമിതിയാണിത്.

ഒരു സ്വതന്ത്രരാഷ്ട്രത്തിന്‍റെ പ്രതിനിധിയെന്നതിനേക്കാള്‍ പ. പിതാവിന്‍റെ പ്രതിനിധിയെന്ന നിലയിലാണ് താന്‍ ഒളിമ്പിക് സമിതിയില്‍ പങ്കെടുക്കുന്നതെന്നു മോണ്‍.സാഞ്ചെസ് പ്രസ്താവിച്ചു. മനഃസാക്ഷിയുടെയും ധാര്‍മ്മികതയുടെയും ശബ്ദമാകാനാണ് ഒളമ്പിക് സമിതിയില്‍ വത്തിക്കാന്‍ പ്രതിനിധി ശ്രമിക്കുക – അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org