ആഗോള യുവജനദിനവും കുടുംബസമ്മേളനവും മാറ്റി വച്ചു

ആഗോള യുവജനദിനവും കുടുംബസമ്മേളനവും മാറ്റി വച്ചു

ആഗോള യുവജനദിനാഘോഷവും ആഗോളകുടുംബസംഗമവും ഒരു വര്‍ഷത്തേയ്ക്കു മാറ്റി വയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചു. അടുത്ത ആഗോള യുവജനദിനാഘോഷം 2022 ആഗസ്റ്റില്‍ പോര്‍ട്ടുഗലിലെ ലിസ്ബണില്‍ ആണു നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇത് 2023 ആഗസ്റ്റില്‍ നടത്തും. കുടുംബങ്ങളുടെ ആഗോള സമ്മേളനം 2021 ജൂണില്‍ റോമില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. ഇത് 2022 ജൂണില്‍ നടത്തും.

ഈ രണ്ടു പരിപാടികളും മാര്‍പാപ്പ പങ്കെടുക്കുന്നവയാണ്. ലക്ഷകണക്കിന് വിശ്വാസികള്‍ എല്ലാ ലോകരാജ്യങ്ങളില്‍ നിന്നുമായി ഈ പരിപാടികള്‍ക്കായി എത്തിച്ചേരാറുണ്ട്. കോവിഡ് പകര്‍ച്ചവ്യാധിയുടെയും അത് യാത്രാകാര്യങ്ങളിലും വന്‍ ജനക്കൂട്ടങ്ങളിലും ചെലുത്താനിടയുള്ള അനന്തരഫലങ്ങളുടെയും പശ്ചാത്തലത്തിലാണ് മാര്‍പാപ്പ ഈ തീരുമാനമെടുത്തതെന്നു വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു.

സാധാരണയായി മൂന്നു വര്‍ഷം കൂടുമ്പോള്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കാറുള്ള യുവജനദിനാഘോഷം ഇതിനു മുമ്പു നടന്നത് 2019 ജനുവരിയില്‍ പനാമയിലാണ്. ഏഴു ലക്ഷം കത്തോലിക്കാ യുവാക്കളാണ് ഇതിനായി എത്തിച്ചേര്‍ന്നത്. ആഗോള കുടുംബസംഗമം ഏറ്റവുമൊടുവില്‍ നടന്നത് 2018 ല്‍ അയര്‍ലണ്ടിലെ ഡബ്ലിനിലാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org