Latest News
|^| Home -> National -> യോഗയെക്കുറിച്ചു കെ.സി.ബി.സി. പഠനരേഖ പ്രസിദ്ധീകരിച്ചു

യോഗയെക്കുറിച്ചു കെ.സി.ബി.സി. പഠനരേഖ പ്രസിദ്ധീകരിച്ചു

Sathyadeepam

യോഗയുടെ ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ വശങ്ങളെക്കുറിച്ചു മുന്‍കരുതലുകള്‍ വേണമെന്ന് ഇതു സംബന്ധിച്ചു കെസിബിസി പുറപ്പെടുവിച്ച പഠനരേഖയില്‍ വ്യക്തമാക്കി. ക്രെെസ്തവ ആധ്യാത്മികതയ്ക്ക് അനുയോജ്യമായ രീതിയിലാണു ക്രെെസ്തവര്‍ യോഗ അനുഷ്ഠിക്കേണ്ടത്. ശാരീരിക വ്യായാമമുറയായി യോഗയെ കാണാമെന്നും കെസിബിസി ദൈവശാസ്ത്ര കമ്മീഷന്‍ പ്രസിദ്ധീകരിച്ച ക്രൈസ്തവ വിശ്വാസവും യോഗചര്യയും എന്ന പഠന രേഖയില്‍ പറയുന്നു.

യോഗയുടെ ഉത്ഭവം മതനിരപേക്ഷമായിരുന്നെങ്കിലും വ്യത്യസ്ത മതവിശ്വാസങ്ങളില്‍ യോഗയ്ക്കു ഹൈന്ദവ, ബുദ്ധ, ജൈന വ്യവസ്ഥിതികളുണ്ടായി. യോഗ അനുഷ്ഠിക്കുന്ന വ്യക്തി ക്രിസ്ത്യാനിയായതുകൊണ്ട് അതു ക്രിസ്തീയ യോഗയാവുന്നില്ല. എന്നാല്‍ അതു ക്രിസ്തീയ കാഴ്ചപ്പാടിലൂടെയാവാം.

ഇതരമതങ്ങളിലെ നന്മകളെ സ്വാംശീകരിച്ച് തുറവിയോടെ അംഗീകരിക്കുന്നതും ഉള്‍ക്കൊള്ളുന്നതും സുവിശേഷമൂല്യങ്ങളെ പ്രാദേശിക സംസ്കാരങ്ങളിലേക്കു പകരുന്നതുമായ സാംസ്കാരിക അനുരൂപണം സുവിശേഷവത്കരണത്തിന്‍റെ അവിഭാജ്യഘടകമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രേഷിതവൃത്തിയായാണു സാംസ്കാരിക അനുരൂപണത്തെ വിശേഷിപ്പിക്കുന്നത്. സുവിശേഷ സന്ദേശവുമായുള്ള പൊരുത്തം, യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ ഏറ്റുപറച്ചില്‍, വിശ്വാസികള്‍ക്കുവേണ്ട ജാഗ്രത എന്നിവ സാംസ്കാരിക അനുരൂപണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട് -പഠനരേഖയില്‍ പറയുന്നു.

ആരോഗ്യകരമായ ജീവിതത്തിനും രോഗങ്ങളെ അകറ്റുന്നതിനും യോഗാഭ്യാസം ഗുണകരമാണ്. ശാന്തമായ മനസ്സ്, പവിത്രമായ ശരീരം എന്നിവ പരോപകാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഊര്‍ജ്ജം നല്കും. പ്രകൃതിയെ ആദരിക്കാന്‍ സഹായിക്കും. ആസക്തികളില്ലാതെ ജീവിക്കാനും മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കാനും യോഗ സഹായിക്കും.

യോഗ ചെയ്യുന്ന ക്രൈസ്തവര്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പഠനരേഖ മുന്നോട്ടുവയ്ക്കുന്നുണ്ട്. യോഗ ചെയ്യുന്ന ക്രൈസ്തവര്‍ മനസ്സില്‍ പൂജിക്കേണ്ടതു മാംസം ധരിച്ച ദൈവവചനമായ യേശുക്രിസ്തുവിനെയാണ്. ഇവര്‍ യേശുവിനെ ദൈവപുത്രനും മിശിഹായും ലോകത്തിന്‍റെ ഏകരക്ഷകനുമായി ഏറ്റുപറയുന്നതില്‍ ഒരുതരത്തിലുള്ള വീഴ്ചയും വരുത്തരുത്.

തപശ്ചര്യകളും ധ്യാനവിദ്യകളുംകൊണ്ടു ദൈവത്തെ നിര്‍ബന്ധിച്ചു തങ്ങളുടെ അനുഭവമണ്ഡലത്തിലേക്കു കൊണ്ടുവരാനാകുമെന്ന ധാരണ യോഗ പരിശീലിക്കുന്ന ക്രൈസ്തവര്‍ക്ക് ഉണ്ടാകരുത്. പാപത്തെ അജ്ഞതയായി കാണരുത്. അതില്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായ ഉത്തരവാദിത്വമുണ്ട്. യോഗയിലൂടെ ഉണ്ടാകുന്ന സുഖാനുഭവങ്ങളെ പരിശുദ്ധാത്മാവിന്‍റെ ആധികാരിക ഇടപെടലുകളോ ആശ്വസിപ്പിക്കലുകളോ ആയി തെറ്റിദ്ധരിക്കരുത്. ക്രിസ്തു രഹസ്യത്തെ മാറ്റിനിര്‍ത്തിയുള്ള ധ്യാനസാങ്കേതിക വിദ്യയായി യോഗാധ്യാനത്തെ കണക്കാക്കുന്നതു തെറ്റാണ്. ക്രിസ്തുകേന്ദ്രീകൃതവും സഭാത്മകവും വ്യക്തിപരവുമായ വളര്‍ച്ചയ്ക്കു സഹായമെന്ന നിലയിലാണു യോഗ പരിശീലിക്കേണ്ടത്. സഭയെ പടുത്തുയര്‍ത്താന്‍ ദൈവ പരിപാലനയില്‍ ലഭിച്ച പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു ക്രൈസ്തവേതര സംസ്കാരങ്ങളില്‍ നാം കണ്ടെത്തുന്ന നന്മകളെ മനസ്സിലാക്കേണ്ടത്.

ദൈവശാസ്ത്ര കമ്മീഷനുമായി ബന്ധപ്പെട്ട വിവിധ മെത്രാന്മാര്‍ക്കൊപ്പം കേരള തിയോളജിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളായ റവ. ഡോ. എസ്. പൈനാടത്ത്, റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം എന്നിവരും പിഒസിയിലെ വൈദികരും പഠനരേഖ തയ്യാറാക്കുന്നതില്‍ സഹായിച്ചുവെന്നു കെസിബിസി ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി പറഞ്ഞു.

Leave a Comment

*
*