യുവ വൈദികരെ കാണുന്നത് എപ്പോഴും ആഹ്ലാദകരം ഫ്രാന്‍സിസ് മാര്‍പാപ്പ

യുവ വൈദികരെ കാണുന്നത് എപ്പോഴും ആഹ്ലാദകരം ഫ്രാന്‍സിസ് മാര്‍പാപ്പ

യുവ വൈദികരെ കാണുന്നത് തനിക്ക് എപ്പോഴും വലിയ ആനന്ദം പകരുന്ന കാര്യമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. കാരണം, അവരില്‍ താന്‍ സഭയുടെ യൗവനമുഖം കാണുന്നു. ദാവീദിനെ പോലുള്ള യുവവ്യക്തിത്വങ്ങള്‍ ബൈബിളിലുണ്ട്. യുവാവായതിനാല്‍ രാജാധികാരം ദാവീദിനെ ഏല്‍പിക്കാന്‍ കഴിയില്ലെന്നാണ് പിതാവും ജെറമിയാ പ്രവാചകനും കരുതിയത് – മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വത്തിക്കാന്‍ വൈദിക കാര്യാലയത്തിന്‍റെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. കര്‍ത്താവിന് അത്രയേറെ പ്രിയപ്പെട്ടവരായതുകൊണ്ടാണ് തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നു യുവവൈദികരെ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പിതാവിന്‍റെ അലിവോടെയാണ് ദൈവം നിങ്ങളെ വീക്ഷിക്കുന്നത്. അവിടുത്തെ കണ്ണുകളില്‍ നിങ്ങള്‍ പ്രധാനപ്പെട്ടവരാണ് – മാര്‍പാപ്പ വ്യക്തമാക്കി.

വൈദികപരിശീലനം സംബന്ധിച്ച പുതിയ രേഖ ഈ കാര്യാലയം പുറപ്പെടുവിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. ജീവിതത്തിന്‍റെ എല്ലാ വശങ്ങളേയും ഉള്‍പ്പെടുത്തുവാന്‍ പര്യാപ്തമായ സമഗ്ര പരിശീലനത്തെക്കുറിച്ചാണ് ഈ രേഖയില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. വൈദികശുശ്രൂഷ ആരംഭിക്കുമ്പോള്‍ വളരെ ആഹ്ലാദചിത്തരായിരിക്കുന്ന യുവവൈദികരുടെ ചുമലുകള്‍ക്കുമേല്‍ വൈകാതെ അവരുടെ അജപാലനപദ്ധതികളുടെയും ദൈവജനത്തിന്‍റെ പ്രതീക്ഷയുടെയും ഭാരം വന്നുചേരുന്നുണ്ട്. ഇതെല്ലാം ഒരു യുവവൈദികന്‍ എങ്ങനെയാണു നേരിടുന്നത്? ഇന്നത്തെ യുവജനങ്ങളെ പലരും വളരെ ഉപരിപ്ലവമായാണ് വിലയിരുത്തുന്നത്. അവര്‍ക്ക് ആദര്‍ശവും തീക്ഷ്ണതയുമില്ലെന്നു പലരും കുറ്റപ്പെടുത്തുന്നു. ചിലര്‍ അങ്ങനെയുണ്ടാകാം. ഉപഭോഗസംസ്കാരം ബാധിച്ചവര്‍. എന്നാല്‍ ഉദാരമായ സേവനത്തിനു പ്രാപ്തരായ യുവജനങ്ങള്‍ ഇല്ലെന്നല്ല അതിനര്‍ത്ഥം. പരിമിതികളെല്ലാമിരിക്കെത്തന്നെ വലിയ വിഭവസ്രോതസ്സാണ് യുവജനങ്ങള്‍ – മാര്‍പാപ്പ വിശദീകരിച്ചു.

നിരന്തരമായ പ്രാര്‍ത്ഥന ഒരു പുരോഹിതന്‍റെ ജീവിതത്തിലെ അവശ്യഘടകമാണെന്നു മാര്‍പാപ്പ വ്യക്തമാക്കി. നാം കര്‍ത്താവിന്‍റെ അലിവിനാല്‍ 'പിടിക്കപ്പെട്ടവരാണ്' എന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ നമുക്കു മനുഷ്യരെ പിടിക്കുന്നവരാകാന്‍ സാധിക്കൂ. ഗലീലിയിലെ മീന്‍പിടിത്തക്കാര്‍ തങ്ങളുടെ വലകളുപേക്ഷിച്ചു യേശുവിനെ പിന്തുടര്‍ന്നതു പോലെ വൈദികരും തങ്ങളുടെ വ്യക്തിപരമായ പദ്ധതികള്‍ ഉപേക്ഷിക്കണം. എങ്കില്‍ മാത്രമേ കര്‍ത്താവിനു ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളെ 'പിടിക്കുന്നതിനുള്ള' വലകള്‍ അവര്‍ക്കെടുക്കാന്‍ കഴിയുകയുള്ളൂ. കര്‍ ത്താവിനോടു കൃത്യമായി ചേര്‍ന്നു നിന്നില്ലെങ്കില്‍ നമ്മുടെ മീന്‍ പിടിത്തം വിജയിക്കുകയില്ല-മാര്‍ പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org