സീറോ മലബാര്‍ സഭയുടെ യുവജന മതബോധനഗ്രന്ഥം പ്രകാശനം ചെയ്തു

സീറോ മലബാര്‍ സഭയുടെ യുവജന മതബോധനഗ്രന്ഥം പ്രകാശനം ചെയ്തു

യുവജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും വിശ്വാസജീവിതത്തില്‍ ഉണ്ടാകാവുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആധികാരികവും സമഗ്രവുമായ ഉത്തരങ്ങളുമായി സീറോ മലബാര്‍ സഭയില്‍ യുവജന മതബോധനഗ്രന്ഥം പ്രകാശനം ചെയ്തു. വിശ്വാസ പരിശീലന ക്ലാസുകളിലും അനുബന്ധ പരിപാടികളിലും യുവജനങ്ങളില്‍ നിന്നു തന്നെ ഉയര്‍ന്ന ചോദ്യങ്ങളും അവയ്ക്കു സഭാദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിതര്‍ നല്‍കുന്ന മറുപടികളും ഉള്‍പ്പെടുത്തി സഭയുടെ വിശ്വാസ പരിശീലന കമ്മീഷനാണു 'വിശ്വാസവഴിയിലെ സംശയങ്ങള്‍' എന്ന ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.

പതിനൊന്ന് ഭാഗങ്ങളായി വിശ്വാസ സംബന്ധമായ വ്യത്യസ്ത വിഷയങ്ങളിലുള്ള ചോദ്യങ്ങളും ആധികാരിക വിശദീകരണങ്ങളുമാണു പുസ്തകത്തിലെ ഉള്ളടക്കം. സഭയില്‍ പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്നു തെരഞ്ഞെടുത്തവര്‍ക്കായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ എല്ലാ വര്‍ഷവും നടത്തുന്ന പ്രതിഭാസംഗമങ്ങളില്‍ പങ്കെടുത്തവര്‍ തന്നെ ഉന്നയിച്ച ഗൗരവമായ സംശയങ്ങളാണു ഗ്രന്ഥം തയ്യാറാക്കുന്നതിനു മുഖ്യ പ്രചോദനമായതെന്നു വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് എന്നിവര്‍ പറഞ്ഞു.
മൗണ്ട് സെന്‍റ് തോമസില്‍ നടന്ന രൂപത വിശ്വാസ പരിശീലന ഡയറക്ടര്‍മാരുടെ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗ്രന്ഥം പ്രകാശനം ചെയ്തു. യുവജന പ്രതിനിധികളായ ജെന്‍സി, ജെസ്റേല്‍ എന്നിവര്‍ പുസ്തകത്തിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങി. ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റര്‍ ഡീന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org