സീറോ മലബാര്‍ സഭ യുവജന ശുശ്രൂഷ സജീവമാക്കുന്നു

സീറോ മലബാര്‍ സഭ യുവജന ശുശ്രൂഷ സജീവമാക്കുന്നു
Published on

സീറോ മലബാര്‍ സഭയില്‍ യുവജനങ്ങളുടെ നവീകരണത്തിനും വളര്‍ച്ചയ്ക്കുമായുള്ള ശുശ്രൂഷകള്‍ സജീവമാക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോള യുവജന സിനഡ് വിളിച്ചുചേര്‍ക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്കായി സഭയുടെ വ്യത്യസ്ത തലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു സീറോ മലബാര്‍ സഭ മുഖ്യവക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.

സഭാതലത്തില്‍ ദശദിന നേതൃത്വപരിശീലന ക്യാമ്പുകള്‍, പ്രവാസി യൂത്ത് ഫോം, സാംസ്കാരിക വിനിമയ പരിപാടികള്‍, യുവജന മതബോധനം, പ്രശ്നോത്തരി മത്സരങ്ങള്‍, യൂത്ത് മൊബൈല്‍ ആപ്പ്, ചെന്നൈ, ബംഗളൂരു, മാംഗളൂര്‍, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ മെട്രോപ്പോളിറ്റന്‍ യൂത്ത് കണ്‍വന്‍ഷനുകള്‍ തുടങ്ങിയവ നടപ്പാക്കും. സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റാകും (എസ്എംവൈഎം) യുവജനശുശ്രൂഷകള്‍ ഏകോപിക്കുക.

സഭയുടെ യുവജനശുശ്രൂഷകളുടെ ഭാഗമായി വിവിധ മേഖലകളില്‍ മികവു തെളിയിച്ച യുവജനങ്ങളെ സീറോ മലബാര്‍ സഭാവേദിയില്‍ ആദരിച്ചു. ടൊവീനോ തോമസ് (സിനിമ), കാത്തി ട്രീസ മാത്യു (വിദ്യാഭ്യാസം), വിന്‍സന്‍റ് ആന്‍റണി (കലാപരിശീലനം), സിജോ അമ്പാട്ട് (നേതൃത്വം), സാബു തോമസ് (കൃഷി), ജൂബിറ്റ് ജോണ്‍ (ഐടി) എന്നിവരെയാണ് ആദരിച്ചത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിക്കപ്പെട്ടവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ ശ്രദ്ധനേടിയ സഭാംഗങ്ങളായ യുവജനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരെയാണ് ആദരിച്ചതെന്നു യൂത്ത് അപ്പസ്തോലേറ്റ് വിഭാഗം സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org