യുവജനങ്ങളെ കരുതി വയോധികര്‍ ആത്മീയജീവിതത്തില്‍ തുടര്‍ന്നും വളരണം ഫ്രാന്‍സിസ് മാര്‍പാപ്പ

യുവജനങ്ങളെ കരുതി വയോധികര്‍ ആത്മീയജീവിതത്തില്‍ തുടര്‍ന്നും വളരണം ഫ്രാന്‍സിസ് മാര്‍പാപ്പ

ആത്മീയജീവിതത്തിലുള്ള മുന്നേറ്റം വയോധികര്‍ നിറുത്തി വയ്ക്കരുതെന്നും യുവജനങ്ങളുടെ ആത്മീയ മുത്തശ്ശീമുത്തച്ഛന്മാരാകാന്‍ വയോധികര്‍ തയ്യാറാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. വയോധികരുടെ അനുഭവങ്ങളില്‍ നിന്നു യുവജനങ്ങള്‍ക്കു പഠിക്കാന്‍ ഒത്തിരിയുണ്ട്. ഇതാണ് ദൈവം വൃദ്ധരില്‍ നിന്ന് ആവശ്യപ്പെടുന്നത്. സ്വയം അടച്ചു പൂട്ടരുത്. നമ്മുടെ ഭാവാത്മകസ്വപ്നങ്ങള്‍ക്ക് അവരാണു തുടര്‍ച്ചയുണ്ടാക്കേണ്ടത്. നമുക്കെല്ലാവര്‍ക്കും ദൈവം ഈ കൃപ നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു – മാര്‍പാപ്പ പറഞ്ഞു. തന്‍റെ മെത്രാഭിഷേകത്തിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് അപ്പസ്തോലിക് കൊട്ടാരത്തിലെ ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. 1992-ല്‍ ബ്യുവെനസ് അയേരിസിലെ സഹായമെത്രാനായിട്ടാണ് മാര്‍പാപ്പയ്ക്കു മെത്രാഭിഷേകം ലഭിച്ചത്. ദിവ്യബലിയില്‍ റോമിലെ കാര്‍ഡിനല്‍മാരെല്ലാം പങ്കെടുത്തു.

എഴുന്നേല്‍ക്കുക, നോക്കുക, പ്രത്യാശിക്കുക എന്നിങ്ങനെ മൂന്നു നിര്‍ദേശങ്ങള്‍ ദൈവം വയോധികനായ അബ്രാഹമിനു നല്‍കുന്നുണ്ടെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. അബ്രാഹം വിരമിച്ചു വിശ്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു. വാര്‍ദ്ധക്യത്തിന്‍റെ ഭാരം ചുമക്കുന്ന വയോധികനായ ഒരു മനുഷ്യന്‍. വാര്‍ദ്ധക്യം വേദനയും രോഗങ്ങളും കൊണ്ടുവരുന്നു. പക്ഷേ ഒരു യുവാവിനോടെന്ന പോലെയാണ് ദൈവം ആവശ്യപ്പെടുന്നത്-എഴുന്നേല്‍ക്കുക, പോകുക! ദൈവം ഇന്നു നമ്മോടു പറയുന്നതും ഇതു തന്നെയാണ്. നമ്മുടെ ജീവിതം അടച്ചുപൂട്ടാന്‍ കാലമായിട്ടില്ല. കഥയുടെ അവസാനമെത്തിയിട്ടില്ല. നമ്മുടെ കഥ തുറന്നു കിടക്കുകയാണ്. അന്ത്യംവരെ അതു തുറന്നു തന്നെ കിടക്കും. അതിനൊരു ദൗത്യവുമുണ്ടായിരിക്കും. – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org