യുവവൈദികരും സന്യസ്തരും അഭിഭാഷകവൃത്തിയില്‍ പരിശീലനം നേടണം

യുവവൈദികരും സന്യാസിനികളും അഭിഭാഷകരായി കടന്നുവരേണ്ടതുണ്ടെന്നും അതിലൂടെ പാവപ്പെട്ടവര്‍ക്കു നീതി ലഭ്യമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സഭ ശ്രമിക്കേണ്ടതുണ്ടെന്നും ഡല്‍ഹിയില്‍ മാര്‍ച്ച് 23, 24 തീയതികളില്‍ സമ്മേളിച്ച റീജിയണല്‍ ലോയേഴ്സ് ഫോറം അഭിപ്രായപ്പെട്ടു. അഭിഭാഷകരായ വൈദികരും സന്യസ്തരും അല്മായരും പങ്കെടുത്ത സമ്മേളനം ഡല്‍ഹി ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോ ഉദ്ഘാടനം ചെയ്തു. ഭാരതസഭയിലെ നിയമവിദഗ്ദരുടെ പ്രവാചക ദൗത്യത്തെക്കുറിച്ചാണ് സമ്മേളനം ചര്‍ച്ച ചെയ്തത്.
ഇതര ശുശ്രൂഷകളെ അപേക്ഷിച്ച് കത്തോലിക്കാ സഭയില്‍ ഇന്നാവശ്യം സമര്‍പ്പിതരായ അഭിഭാഷകരെയാണ്. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട പാവപ്പെട്ടവര്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ അവര്‍ക്കാകണം – ഹോളിക്രോസ് സഭാംഗവും അഭിഭാഷകയുമായ സിസ്റ്റര്‍ റാണി പുന്നശ്ശേരി പറഞ്ഞു. ഗ്രാമീണജനങ്ങളും ആദിവാസികളും തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ എന്തു ചെയ്യണമെന്ന് അജ്ഞരാണ്. ഒരു അഭിഭാഷകനെ സമീപിക്കാനുള്ള പണമോ കോടതിയില്‍ കേസു വാദിക്കാനുള്ള സാഹചര്യങ്ങളോ അവര്‍ക്കില്ല – സിസ്റ്റര്‍ റാണി വിശദീകരിച്ചു. ഈ പശ്ചാത്തലത്തില്‍ വൈദികരും സന്യസ്തരുമായ വൈദികര്‍ ഇവരുടെ പരിരക്ഷയ്ക്കായി പരിശ്രമിക്കേണ്ടതുണ്ട്.
ഭാരതത്തില്‍ 900 – ത്തോളം സന്യസ്തരായ അഭിഭാഷകരുണ്ടെങ്കിലും മിക്കവരും ഈ രംഗത്ത് സജീവമല്ലെന്ന് ഡല്‍ഹിയിലെ ലോയേ ഴ്സ് ഫോറം പ്രസിഡന്‍റ് സിസ്റ്റര്‍ ആന്‍ മേരി സൂചിപ്പിച്ചു. സന്യസ്തരായ അഭിഭാഷകര്‍ അഭിഭാഷക ജോലിയില്‍നിന്ന് ജീവിക്കാനുള്ള വക കണ്ടെത്തുന്നവരല്ല. ജനനന്മയും അവകാശ സംരക്ഷണവുമാണ് അവരുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടുതന്നെ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് നീതി ലഭ്യമാക്കാന്‍ അവര്‍ക്കാകണം — സിസ്റ്റര്‍ ആന്‍മേരി വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org