സാംബിയന്‍ പ്രസിഡന്‍റിനെതിരെ സഭാനേതൃത്വങ്ങളുടെ രൂക്ഷ വിമര്‍ശനം

സാംബിയന്‍ പ്രസിഡന്‍റിനെതിരെ സഭാനേതൃത്വങ്ങളുടെ രൂക്ഷ വിമര്‍ശനം

വര്‍ദ്ധിക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെയും ദിനേന മോശമാകുന്ന രാഷ്ട്രീയാന്തരീക്ഷത്തിന്‍റെയും പേരില്‍ സാംബിയന്‍ പ്രസിഡന്‍റ് എഡ്ഗര്‍ ലുംഗുവിനെ ക്രൈസ്തവമതനേതൃത്വം രൂക്ഷമായി വിമര്‍ശിച്ചു. സാംബിയായിലെ കത്തോലിക്കാ മെത്രാന്‍ സംഘം, പെന്തക്കോസ്തല്‍ സഭകളുടെ നേതൃസമിതിയായ ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്, പ്രൊട്ടസ്റ്റന്‍റ് സഭകളെ പ്രതിനിധീകരിക്കുന്ന സഭാകൗണ്‍സില്‍ എന്നിവ സംയുക്തമായാണ് പ്രസിഡന്‍റിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. തടവില്‍ കഴിയുന്ന പ്രധാന പ്രതിപക്ഷ നേതാവ് ഹകൈന്‍ഡെ ഹിഷിലെമായെ ഉടന്‍ മോചിപ്പിക്കണമെന്ന് സഭാനേതൃത്വം ആവശ്യപ്പെട്ടു. വഞ്ചനാക്കുറ്റം ചുമത്തി, വിചാരണകളൊന്നും കൂടാതെ ഒരു അതിസുരക്ഷാജയിലില്‍ അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുകയാണ് പ്രസിഡന്‍റ്. സാംബിയായില്‍ വധശിക്ഷ ലഭിക്കാവുന്നതാണ് വഞ്ചനാക്കുറ്റം.

കത്തോലിക്കാ, പെന്തക്കോസ്ത്, പ്രൊട്ടസ്റ്റന്‍റ് സഭകള്‍ തമ്മില്‍ സാംബിയായില്‍ വലിയ ഐക്യം നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രസിഡന്‍റിനെതിരെ മൂന്നു കൂട്ടരും ഒന്നിച്ചു രംഗത്തു വന്നത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ക്കു ക്ഷീണമായിട്ടുണ്ട്. സാംബിയന്‍ പൊതുസമൂഹത്തെയും അമ്പരപ്പിക്കുന്ന ഒരു നീക്കമാണ് സഭാനേതാക്കള്‍ നടത്തിയത്. എഡ്ഗാര്‍ ലുംഗുവിന്‍റെ ഭരണത്തോട് അത്രമാത്രം എതിര്‍പ്പ് സഭകള്‍ക്കുള്ളതിന്‍റെ തെളിവായും ഈ സംയുക്ത നീക്കം വിലയിരുത്തപ്പെടുന്നു. താരതമ്യേന സമാധാനപൂര്‍ണവും സുസ്ഥിരവുമായ ജനാധിപത്യസംവിധാനം നിലവിലുള്ള രാജ്യമായിട്ടാണ് ആ ഫ്രിക്കയില്‍ സാംബിയ കരുതപ്പെട്ടിരുന്നത്. എന്നാല്‍ എഡ്ഗാര്‍ ലുംഗു ഏകാധിപതിയായി മാറിയിരിക്കുകയാണെന്ന് കത്തോലിക്കാ മെത്രാന്മാര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്ന രീതിയിലുള്ളതാണ് സഭാനേതാക്കളുടെ സംയുക്ത പ്രസ്താവന.

സാംബിയന്‍ പോലീസ് സേനയ്ക്ക് പ്രൊഫഷണലിസം നഷ്ടപ്പെട്ടതായും ക്രൂരത മുഖമുദ്രയായതായും സഭാനേതാക്കള്‍ കുറ്റപ്പെടുത്തി. ഇതു സഭകളുടെ കണ്ടെത്തലല്ല, മറിച്ചു കോടതികള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്നു പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. മനുഷ്യാവകാശങ്ങളുടെ സ്ഥിതി മോശമാകുന്നു. പത്രസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. സാംബിയായിലെ പ്രമുഖ സ്വതന്ത്ര പത്രമായിരുന്ന ദ പോസ്റ്റ് അടച്ചുപൂട്ടിയത് ഇതിനുദാഹരണമാണ് -പ്രസ്താവന വിശദീകരിക്കുന്നു.

ഏകാധിപത്യത്തിനു തുല്യമായ അവസ്ഥയിലേയ്ക്കു സാംബിയ നീങ്ങുന്നതില്‍ അസ്വസ്ഥരായ ജനങ്ങള്‍ സഭാനേതൃത്വത്തിന്‍റെ ഈ ശക്തമായ നിലപാടില്‍ ആശ്വാസം കൊള്ളുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org