ഞായറാഴ്ചകളിലെ സ്കൂള്‍ മേളകള്‍ മാറ്റിവയ്ക്കണം – കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

Published on

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സംസ്ഥാന സ്കൂള്‍ മേളകള്‍ ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മൂന്നു ദിവസം ദൈര്‍ഘ്യമുള്ള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള, നവംബര്‍ 2, 3, 4 (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ തൃശൂരിലെ കുന്നംകുളത്തുവച്ച് നടക്കുകയാണ്. പല ജില്ലകളിലും ഞായറാഴ്ചകളിലും സ്കൂള്‍ മേളകള്‍ നടത്തുന്ന രീതിയിലേക്ക് വിദ്യാഭ്യാസ വകുപ്പ് മാറുന്നു. ഞായറാഴ്ചകളില്‍ സ്കൂള്‍ മേളകള്‍ സംഘടിപ്പിക്കുന്നതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.

ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച ആരാധനദിനമാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മതപഠനക്ലാസ്സുകളിലും ആരാധനയിലും സംബന്ധിക്കേണ്ടതുണ്ട്. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ ഞായറാഴ്ചകളില്‍ മേള നടത്താന്‍ നിര്‍ബന്ധം കാണിക്കുന്ന ഉദ്യോഗസ്ഥമേധാവികളുടെ നിലപാട് സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ സത്വര നടപടികള്‍ ഉണ്ടാകണമെന്നും നവംബര്‍ 3 ഞായറാഴ്ചയിലെ സംസ്ഥാന ശാസ്ത്രമേള മാറ്റിവയ്ക്കണമെന്നും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാലു പതാലില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്‍റണി, മാത്യു ജോസഫ്, ഡി.ആര്‍. ജോസ്, എം. ആബേല്‍, ബിനോയ് ജോര്‍ജ്, ജോര്‍ജ് കെ. വൈ., ജോമോന്‍ ജോസഫ്, സി.ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org