തീരദേശവാസികളുടെ ജീവിതവും തൊഴിലും സംരക്ഷിക്കപ്പെടണം: കെ.ആര്‍.എല്‍.സി.സി

തീരദേശവാസികളുടെ ജീവിതവും തൊഴിലും സംരക്ഷിക്കപ്പെടണം: കെ.ആര്‍.എല്‍.സി.സി

തീരമേഖലാനിയന്ത്രണനിയമം പരിഷ്കരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. ശൈലേഷ് നായര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികളില്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ് പറഞ്ഞു. കടലിന്‍റെയും തീരദേശത്തിന്‍റെയും സംരക്ഷണത്തിനൊപ്പം തീരദേശവാസികളുടെ ജീവിതവും തൊഴിലും സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാല്‍ തീരമേഖലാനിയന്ത്രണനിയ മത്തിന്‍റെ അന്തഃസന്ത നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ശൈലേഷ് കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. കേരളത്തിന്‍റെ പ്രത്യേക സാഹചര്യങ്ങള്‍ക്കും ഭൂപ്രകൃതിക്കും അനുസൃതമായി ഇളവുകളും പ്രത്യേക പരിഗണനയും നല്‍കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം റിപ്പോര്‍ട്ടില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. തീരദേശവാസികള്‍ ക്കൊപ്പം ടൂറിസ സംരംഭകരെയും പരിഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവാദം നല്‍കാന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. ഇത് പരമ്പരാഗത സമൂഹങ്ങള്‍ക്ക് തീരം നഷ്ടമാകാന്‍ കാരണമാകും. വന്‍തുകകള്‍ നല്‍കി ഭൂമി കരസ്ഥമാക്കാന്‍ നിരവധിപേര്‍ രംഗത്തെത്തും. സി.ആര്‍.ഇസഡ് നിയമത്തില്‍ തീരദേശവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ടൂറി സം മേഖലയ്ക്ക് യാതൊരു കാരണവശാലും നല്‍കരുതെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.
തീരദേശമേഖലാനിയന്ത്രണ നിയമത്തിലെ അപാകതകള്‍മൂലം ആയിരക്കണക്കിന് തീരദേശവാസികളുടെ ഭവനനിര്‍മ്മാണത്തിനുവേണ്ടിയുള്ള അപേക്ഷകള്‍ കോസ്റ്റല്‍ സോണ്‍ അതോറിറ്റി മുമ്പാകെ കെട്ടിക്കിടക്കുകയാണ്. വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പെര്‍മിറ്റ് നല്‍കാനുള്ള അവകാശം പൂര്‍ണ്ണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തിരികെ നല്‍കണം. തീരമേഖലാ നിയന്ത്രണ വിജ്ഞാപനത്തിനുപകരമായി പാര്‍ലമെന്‍റ്ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്ന നിയമം ഉണ്ടാകണം. തീരമേഖലാ നിയന്ത്രണ വിജ്ഞാപനത്തിന്‍റെ കാര്യത്തില്‍ മുന്‍സര്‍ക്കാരുകള്‍ തുടര്‍ന്നുവന്ന അലംഭാവം കേരളത്തിലെ പുതിയ സര്‍ക്കാര്‍ തുടരരുത്. ശൈലേഷ് നായക് കമ്മീഷന്‍റെ റിപ്പോര്‍ട്ട് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ദ്ധരുടെയും തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും സമിതിയെ ചുമതലപ്പെടുത്തണം. ഈ വിഷയത്തില്‍ കേരളത്തിലെ തീരദേശവാസികളുടെ ആശങ്കകളും പ്രശ്നങ്ങളും കേന്ദ്രസര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് സമുദായ വക്താവുകൂടിയായ ഷാജി ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org