ഫാ.ടോം ഉഴുന്നാലിന്‍റെ മോചനശ്രമങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യം

ഫാ.ടോം ഉഴുന്നാലിന്‍റെ മോചനശ്രമങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യം

യെമനില്‍ ഭീകര്‍ തട്ടിക്കൊണ്ടു പോയ മലയാളി മിഷണറിയായ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. ഫാ. ടോമിന്‍റേതായി സോഷ്യല്‍ മീഡിയായിലൂടെ പുറത്തു വന്ന ചിത്രങ്ങള്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു. അതേസമയം ചിത്രങ്ങളുടെ ആധികാരികതയെ കുറിച്ച് ഫാ. ടോം അംഗമായ സലേഷ്യന്‍ സഭാംഗങ്ങള്‍ തന്നെ സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫോട്ടോയില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അനാവശ്യമായ പരിഭ്രാന്തി പരത്തരുതെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ മോചനത്തിനുള്ള ശ്രമങ്ങള്‍ സജീവമായി തുടരേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
യെമനില്‍ ഒരു അനാഥാലയത്തില്‍ സേവനം ചെയ്തുകൊണ്ടിരിക്കെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ എന്നു കരുതപ്പെടുന്നവര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്. അവിടെയുണ്ടായിരുന്ന മറ്റു പന്ത്രണ്ടോളം പേരെ വധിച്ചിട്ടാണ് അദ്ദേഹത്തെ ഒളിവിലേയ്ക്കു കൊണ്ടുപോയത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അദ്ദേഹത്തെ ഭീകരര്‍ കുരിശില്‍ തറച്ചു കൊല്ലുമെന്നു ഭീഷണി ഉയര്‍ന്നെങ്കിലും അതു സംഭവിച്ചിട്ടില്ലെന്നു പിന്നീടു വിശദീകരിക്കപ്പെട്ടു. ഫാ.ടോമിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുതിയ ചിത്രങ്ങളും കണ്ണു കെട്ടി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നത്. ഫാ. ടോമിന്‍റെ അറിവോടെയാണ് ആ അക്കൗണ്ട് ഉപയോഗിക്കുന്നതെന്നും അതല്ല, ആരോ ഹാക്ക് ചെയ്തിരിക്കുന്നതാണെന്നും പറയുന്നുണ്ട്. ഇന്ത്യാ ഗവണ്‍മെന്‍റിനു പുറമെ വത്തിക്കാനും അദ്ദേഹത്തിന്‍റെ മോചനത്തിനായി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org