ഫ്രാന്‍സില്‍ കൊല്ലപ്പെട്ടവര്‍ക്കായി മാര്‍പാപ്പയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന

ഇസ്ലാം ഭീകരാക്രമണത്തില്‍ ഫ്രാന്‍സിലെ നീസില്‍ കൊല്ലപ്പെട്ടവര്‍ക്കായി വത്തിക്കാന്‍ സെ. പീറ്റേഴ്സ് അങ്കണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികള്‍ ചതച്ചരക്കപ്പെട്ടതിന്‍റെ വേദന ഹൃദയങ്ങളില്‍ നിന്നു പോയിട്ടില്ലെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ദുഃഖത്തിലൂടെ കടന്നുപോ കുന്ന ഓരോ കുടുംബത്തോടും ഫ്രഞ്ച് രാജ്യത്തോടും താന്‍ ഹൃദയം കൊണ്ടു ചേര്‍ന്നു നില്‍ക്കുന്നതായി പാപ്പപ റഞ്ഞു. ഭീകരതയുടെയും മരണത്തിന്‍റെയും എല്ലാ പദ്ധതികളും ചിതറിക്കപ്പെടുന്നതിനുവേണ്ടിയും മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യദിനമാഘോഷിക്കുകയായിരുന്ന ആളുകളുടെ ഇടയിലേക്ക് ട്രക്ക് പായിച്ച് 84 പേരെ കൊല്ലുകയും നിരവധി പേര്‍ക്കു ഗുരുതര പരിക്കേല്‍പിക്കുകയും ചെയ്തത് ടുണീസ്യയില്‍ നിന്ന് ഫ്രാന്‍സിലേയ്ക്കു കുടിയേറിയ മുഹമ്മദ് ലഹാജ് എന്നയാളാണ്.
ത്രികാല പ്രാര്‍ത്ഥനയ്ക്കൊടുവിലാണ് ഫ്രാന്‍സില്‍ കൊല്ലപ്പെട്ട നിരപരാധികള്‍ക്കു വേണ്ടി മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. മാര്‍ത്തായുടെയും മറിയത്തിന്‍റെയും വീട്ടില്‍ യേശുക്രിസ്തു നടത്തിയ സന്ദര്‍ശനത്തെ ആസ്പദമാക്കി മാര്‍പാപ്പ വചനവിചിന്തനം നല്‍കി. ആതിഥ്യം കാരുണ്യത്തിന്‍റെ പ്രവൃത്തിയാണെന്നു മാര്‍പാപ്പ പറഞ്ഞു. ഇന്നത്തെ ലോകത്തില്‍ അവഗണിക്കപ്പെടാന്‍ ഇടയുള്ള ഒരു കാര്യമാണത്. കേള്‍ക്കുക, സ്വാഗതമോതുക എന്നതാണ് ആതിഥ്യത്തിന്‍റെ പ്രധാന ഘടകം. വരുന്നവര്‍ക്കു സേവനങ്ങള്‍ നല്‍കുക എളുപ്പമാണെങ്കിലും വരുന്നവരെ കേള്‍ക്കാനും സ്വീകരിക്കാനും എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ഇതു രോഗികളെ പരിചരിക്കുന്ന സ്ഥാപനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാം ബാധകമാണ്. നമുക്കെപ്പോഴും തിരക്കാണ്. ആരെയും കേള്‍ക്കാന്‍ സമയമില്ല. ജീവിതപങ്കാളികളെയും മക്കളെയും വയോധികരെയും ഒക്കെ കേള്‍ക്കാന്‍ സമയം കണ്ടെത്തുന്നുണ്ടോ എന്നു നാം ചിന്തിക്കേണ്ടതാണ് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org