മതദൂഷണനിയമം: പാക് ക്രിസ്ത്യാനി വീണ്ടും അറസ്റ്റില്‍

Published on

പാക്കിസ്ഥാനില്‍ വിവാദ മതദൂഷണ നിയമപ്രകാരമുള്ള കുറ്റമാരോപിച്ച് ഒരു ക്രിസ്ത്യന്‍ വിശ്വാസിയെ കൂടി അറസ്റ്റ് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ നദീം ജെയിംസ് എന്നയാളാണ് പിടിയിലായത്. വാട്സാപ്പിലൂടെ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന കവിത അയച്ചുവെന്ന കുറ്റമാണ് ആ രോപിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ നിരക്ഷരനായ നദീമിന് വാട്സാപ് ഉപയോഗിക്കാന്‍ അറിയില്ലെന്നു സഹോദരങ്ങള്‍ പറയുന്നു. കുറ്റമാരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് നദീം ഒളിവില്‍ പോയിരുന്നു. അതോടെ ഗ്രാമത്തിലെ മുഴുവന്‍ ക്രൈസ്തവരേയും ആക്രമിക്കാന്‍ മതതീവ്രവാദികള്‍ ആഹ്വാനം ചെയ്തു. നദീമിന്‍റെ സഹോദരിമാരെ പോലീസ് പിടി കൂടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് നദീം കീഴടങ്ങിയത്. പാക്കിസ്ഥാനില്‍ മതദൂഷണ നിയമം വ്യക്തികളുടെ വൈരനിര്യാതനത്തിന് വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നതായി പരാതിയുണ്ട്. ആരെങ്കിലും ഒരാള്‍ക്കെതിരെ മതദൂഷണക്കുറ്റം ആരോപിച്ചാല്‍ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്‍റെ കടമയാണ്. അതു തെളിയിക്കാനാകുന്നതിനു മുമ്പേ കോടതികളെയടക്കം ഭീഷണിയുടെ മുള്‍മുനയില്‍ നിറുത്തിക്കൊണ്ട് മതതീവ്രവാദികള്‍ രംഗം കൈയടക്കുകയും ചെയ്യും. ഇത്തരം നിരവധി സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ നിന്ന് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org