വത്തിക്കാനു പുതിയ വക്താവ്: ഉയര്‍ന്ന പദവിയില്‍ വനിതയും

വത്തിക്കാനു പുതിയ വക്താവ്: ഉയര്‍ന്ന പദവിയില്‍ വനിതയും

Published on

വത്തിക്കാന്‍ വക്താവും പ്രസ് ഓഫീസ് ഡയറക്ടറുമായി മുന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഗ്രെഗ് ബര്‍കിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്പെയിന്‍ സ്വദേശിനിയായ പലോമ ഗാര്‍സിയ ഒവെജെരോ ആണു പുതിയ വൈസ് ഡയറക്ടര്‍. ആദ്യമായാണ് ഈ പദവിയില്‍ ഒരു വനിത നിയോഗിക്കപ്പെടുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി വത്തിക്കാന്‍ വക്താവും പ്രസ്ഓഫീസ് ഡയറക്ടറുമായി പ്രവര്‍ത്തിക്കുകയായിരുന്ന ഫാ. ഫെഡറിക്കോ ലൊംബാര്‍ദി വിരമിച്ചതിനെ തുടര്‍ന്നാണു പുതിയ നിയമനങ്ങള്‍ വേണ്ടി വന്നത്. ഈശോസഭാ വൈദികനാണ് ഫാ.ലൊംബാര്‍ദി. അദ്ദേഹത്തിനു മുമ്പ് അല്മായനായ ജോവാക്കിം നവാരോ വാല്‍സ് ആയിരുന്നു വത്തിക്കാന്‍ വക്താവ്. വാല്‍സും പുതിയ വക്താവായ ബര്‍ക്കും ഓപുസ് ദേയി അംഗങ്ങളുമാണ്.
അമ്പത്തിയേഴുകാരനായ ബര്‍ക് പ്രസിദ്ധമായ ടൈം മാഗസിനും റോയിട്ടേഴ്സിലും ഫോക്സ് ന്യൂസിലും ജോലി ചെയ്തിട്ടുണ്ട്. 2012 മുതല്‍ വത്തിക്കാന്‍റെ മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 41 കാരിയായ ഒവെജെരോ വത്തിക്കാന്‍ കേന്ദ്രീകരിച്ച് സ്പെയിനിലെ റേഡിയോ നിലയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു. മാര്‍പാപ്പയ്ക്കു പറയാനുള്ളത് കൃത്യമായി പുറംലോകത്തെത്തിക്കുകയാണു തങ്ങളുടെ ഉത്തരവാദിത്വമെന്ന് ഇരുവരും പറഞ്ഞു. ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളില്‍ പ്രാവീണ്യമുള്ളവരാണ് ഇരുവരും.

logo
Sathyadeepam Online
www.sathyadeepam.org