വനിതകള്‍ക്കു സിനഡില്‍ വോട്ടവകാശം വേണമെന്ന് ആവശ്യം

വനിതകള്‍ക്കു സിനഡില്‍ വോട്ടവകാശം വേണമെന്ന് ആവശ്യം
Published on

ആഗോളസഭയില്‍ വളരെ ശ്രദ്ധേയമായി കഴിഞ്ഞ ആമസോണ്‍ സിനഡ് വത്തിക്കാനില്‍ ആരംഭിച്ചിരിക്കെ, ഇത്തരം സിനഡുകളില്‍ വനിതകളെ വോട്ടവകാശമുള്ള അംഗങ്ങളായി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തുന്നു. ഇത് സഭയെ സഹോദരീസഹോദരന്മാരുടെ ഒരു സമൂഹമായി പരിവര്‍ത്തിപ്പിക്കാന്‍ സഹായിക്കുമെന്ന് ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞയും പെരുവിലെ മെത്രാന്‍ സംഘത്തിന്‍റെ ഒരു ഉപദേശകസമിതിയംഗവുമായ സിസ്റ്റര്‍ ബിര്‍ഗിറ്റ് വെയ്ലര്‍ പറഞ്ഞു. വിശ്വാസം പങ്കുവയ്ക്കുകയും വിവേചിക്കുകയും ചെയ്യുന്ന പ്രക്രിയയില്‍ പൂര്‍ണമായി പങ്കെടുത്ത ശേഷം അതിന്‍റെ സ്വാഭാവികമായ ഒരു പരിണതിയാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുകയെന്നത്. തീരുമാനമെടുക്കുന്ന സിനഡ് പ്രക്രിയയില്‍ പങ്കെടുക്കുന്നത് പൂര്‍ണമായ പങ്കാളിത്തത്തിന്‍റെ അടയാളമാണ്. – സിസ്റ്റര്‍ പറഞ്ഞു. സഭയില്‍ സ്ത്രീകള്‍ക്കു നേതൃത്വപരമായ കൂടുതല്‍ ദൗത്യങ്ങള്‍ നല്‍കണം. ഇതിനു പൗരോഹിത്യം നല്‍കേണ്ടതില്ല. പൗരോഹിത്യം ആവശ്യമില്ലാത്ത നേതൃപദവികള്‍ ധാരാളമുണ്ട്. അത്മായരും സന്യസ്തരുമായ ധാരാളം വനിതകള്‍ ഭാവിയില്‍ സഭയുടെ നേതൃപദവികളിലേയ്ക്കു വരുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു – സിസ്റ്റര്‍ വിശദീകരിച്ചു.

വനിതാപൗരോഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആമസോണ്‍ സിനഡിന്‍റെ ഒരുക്കത്തോടനുബന്ധിച്ച് ഉയര്‍ന്നു വന്നിരുന്നു. വിവാഹിതരുടെ പൗരോഹിത്യവും ചര്‍ച്ച ചെയ്യപ്പെട്ടു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വൈദികക്ഷാമം പരിഹരിക്കുന്നതിനും അജപാലനശുശ്രൂഷ എല്ലാവരിലേയ്ക്കും എത്തിക്കുന്നതിനും ഉള്ള പരിഹാരമെന്ന നിലയ്ക്കായിരുന്നു അത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org