വൈദികര്‍ ക്രിസ്തുവുമായി ശക്തമായ  ബന്ധം വളര്‍ത്തുക -ഫ്രാന്‍സിസ് മാര്‍പാപ്പ

വൈദികര്‍ ക്രിസ്തുവുമായി ശക്തമായ ബന്ധം വളര്‍ത്തുക -ഫ്രാന്‍സിസ് മാര്‍പാപ്പ

Published on

സെമിനാരി ജീവിതകാലം മുതല്‍ ക്രിസ്തുവുമായി ശക്തമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ പുരോഹിതര്‍ ശ്രമിക്കണമെന്നും അപക്രൈസ്തവീകരിക്കപ്പെടുന്ന സമൂഹത്തിന്‍റെ ആവശ്യങ്ങളില്‍ വിശ്വാസത്തിന്‍റെ മാര്‍ഗദര്‍ശകരാകുന്നതിന് ഇതാവശ്യമാണെന്നും ഫ്രാന്‍സിസ് മാര്‍ പാപ്പ പ്രസ്താവിച്ചു. വടക്കന്‍ ഇറ്റലിയില്‍നിന്നു തന്നെ കാണാന്‍ വന്ന വൈദികരോടും വൈദികവിദ്യാര്‍ത്ഥികളോടും സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. അനിശ്ചിതത്വവും മതപരമായ ഉദാസീനതയും ബാധിച്ചിരിക്കുന്ന മനുഷ്യര്‍ക്കു വൈദികനില്‍ ശക്തമായ വിശ്വാസം കാണാന്‍ കഴിയണം. അന്ധകാരത്തിലെ ദീപം പോലെയും ആശ്രയിക്കാന്‍ പറ്റുന്ന പാറ പോലെയുമാകണം അവര്‍ക്കു വൈദികന്‍ – മാര്‍പാപ്പ വിശദീകരിച്ചു.

ശക്തമായ വിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് എല്ലാത്തിലുമുപരി വ്യക്തിബന്ധത്തിലാണെന്നു പാപ്പാ പറഞ്ഞു. യേശുക്രിസ്തുവെന്ന വ്യക്തിയുമായുള്ള ഹൃദയബന്ധമാണ് ആവശ്യം. വൈദികനാകുന്നതിനു ദീര്‍ഘകാലത്തെ പരിശീലനം സഭയില്‍ ആവശ്യമുണ്ട്. പ്രാര്‍ത്ഥനയ്ക്കും പഠനത്തിനും കൂട്ടായ്മാജീവിതത്തിനുമാകണം ഇവിടെ പ്രാധാന്യം നല്‍കേണ്ടത്. സെമിനാരികളെ പ്രാര്‍ത്ഥനയുടെ ഭവനങ്ങളായി കാണാനാകണം -മാര്‍പാപ്പ വിശദീകരിച്ചു.

നാലു തരത്തിലുള്ള അടുപ്പങ്ങളാണ് ഒരു രൂപതാ വൈദികനുണ്ടാകേണ്ടതെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥനയില്‍ ദൈവവുമായുള്ള അടുപ്പം, മെത്രാനുമായുള്ള അടുപ്പം, സഹോദര വൈദികരുമായുള്ള അടുപ്പം, ദൈവജനവുമായുള്ള അടുപ്പം എന്നിവയാണവ. ഇവയില്‍ ഏതെങ്കിലുമൊന്ന് ഇല്ലാതായാല്‍ പുരോഹിതനു പ്രവര്‍ത്തിക്കാനാകില്ല. അയാള്‍ വൈദികാധിപത്യചിന്തയിലേയ്ക്കും പരുഷമായ ആഭിമുഖ്യങ്ങളിലേയ്ക്കും വഴുതി വീഴും – മാര്‍പാപ്പ പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org