അടുത്ത ആഗോള യുവജനദിനാഘോഷം പനാമയിലായിരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. പോളണ്ടിലെ ക്രാക്കോയില്‍ യുവജനദിനാഘോഷത്തിന്‍റെ സമാപനവേദിയിലാണ് പതിവുപോലെ അടുത്ത ആഘോഷവേദി പ്രഖ്യാപിക്കപ്പെട്ടത്. 2019 ലാണ് അടുത്ത യുവജനദിനാഘോഷം ആഗോളതലത്തില്‍ നടക്കുക. 17 ലും 18 ലും രൂപതാ തലങ്ങളിലായിരിക്കും ആഘോഷം. അമേരിക്കന്‍ വന്‍കരയിലെ ചെറുരാജ്യമാണ് പനാമ. അടുത്ത ആഗോളയുവജനദിനാഘോഷം ആഫ്രിക്കയിലെയോ ഏഷ്യയിലെയോ ഏതെങ്കിലും രാജ്യത്തിലായിരിക്കും സംഘടിപ്പിക്കുക എന്നു ചിലര്‍ പ്രതീക്ഷിച്ചിരുന്നു. അതിനു വിരുദ്ധമാണ് ഈ പ്രഖ്യാപനം.
മധ്യ അമേരിക്കയിലെ ഒരു കൊച്ചു രാജ്യമാണ് പനാമ. പനാമയുടെ പ്രസിഡന്‍റ് ഭാര്യയോടൊപ്പം ക്രാക്കോവിലെ യുവജനദിനാഘോഷത്തിനെത്തിയിരുന്നു. ഇവിടത്തെ 33 ലക്ഷം ജനങ്ങളില്‍ നാലില്‍ മൂന്നു ഭാഗവും കത്തോലിക്കരാണ്. പനാമയില്‍ നിന്നു പോളണ്ടിലെത്തിയിരുന്ന തീര്‍ത്ഥാടകരും സഭാനേതാക്കളും വലിയ സന്തോഷത്തോടെയാണു മാര്‍പാപ്പയുടെ പ്രഖ്യാപനത്തെ വരവേറ്റത്. താരതമ്യേന ദരിദ്രരാജ്യമായ പനാമയ്ക്ക് ആഗോളയുവജനദിനാഘോഷത്തിന്‍റെ വരവ് ഉണര്‍വു പകരുമെന്ന് അധികാരികള്‍ പ്രതീക്ഷിക്കുന്നു.