അധ്യാപകരുടെ നിയമന അംഗീകാരം ത്വരിതപ്പെടുത്തണം കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം സ്കൂള്‍ തലത്തില്‍ നടപ്പിലാക്കുന്നതിനായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ നടപടി ഖേദകരമാണെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറു പതിറ്റാണ്ടായി കേരളത്തില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ക്ലാസ് തലത്തിലാണ് നിലവിലുള്ളത്. അത് ഭേദഗതി ചെയ്യുന്നത് കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയുടെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ നിരവധി ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേരത്തെ നേടിയെടുത്ത മാതൃകാ സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ കേന്ദ്ര വിദ്യാഭ്യാസനിയമത്തിലെ ഗുണപരമായി മെച്ചപ്പെട്ടതും സംസ്ഥാനത്തിന് അനുയോജ്യവുമായ നിര്‍ദ്ദേശങ്ങളാണ് സ്വീകരിക്കേണ്ടത്.
വര്‍ഷങ്ങളായി ശമ്പളമില്ലാത്ത അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ക്ലാസ് തലത്തില്‍ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും സംസ്ഥാനത്തെ എല്ലാ രൂപതാസമിതികളുടെയും നേതൃത്വത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്തുകളയച്ചു. പ്രസിഡന്‍റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജനറല്‍ സെക്രട്ടറി സാലു പതാലില്‍, സേവ്യര്‍ എം.എല്‍, ജെ. മരിയദാസ്, പോള്‍ ജെയിംസ്, സി.ടി. വര്‍ഗീസ്, ജെസ്സി ജെയിംസ്, ജെയിംസ് കോശി, സിസ്റ്റര്‍ ആല്‍ഫി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org