ആരും അപ്രധാനരല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

ആരും അപ്രധാനരല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

ദൈവം നമ്മെ നാമായിരിക്കുന്ന വിധത്തില്‍ സ്നേഹിക്കുന്നുവെന്നും നാം ചെയ്യുന്ന പാപമോ അബദ്ധമോ ഒന്നും ദൈവത്തിന്‍റെ മനസ്സു മാറ്റുന്നില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. പോളണ്ടിലെ ക്രാക്കോവില്‍ ആഗോള യുവജനദിനാഘോഷത്തിന്‍റെ സമാപനദിവ്യബലിയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. 15 ലക്ഷത്തോളം യുവജനങ്ങള്‍ ഈ ദിവ്യബലിയില്‍ പങ്കെടുത്തു. നമ്മുടെ മൂല്യം വില മതിക്കാനാവുന്നതിനുമപ്പുറത്താണെന്നും ആരും അപ്രധാനരല്ലെന്നും യുവജനങ്ങളെ മാര്‍ പാപ്പ ഉദ്ബോധിപ്പിച്ചു.
സ്വയം അംഗീകരിക്കാതിരിക്കുന്നതും വിഷാദഭരിതമായി ജീവിക്കുന്നതും നിഷേധാത്മകമാണെന്നു മാര്‍പാപ്പ വ്യക്തമാക്കി. ദൈവത്തിന്‍റെ കണ്ണില്‍ നിങ്ങള്‍ അമൂല്യരാണ്. സക്കേവൂസിന്‍റെ യേശുവുമായുള്ള സമാഗമമാണ് മാര്‍പാപ്പ വിചിന്തനവിഷയമാക്കിയത്. യേശു ജനങ്ങളെ വെറുതെ അഭിവാദ്യം ചെയ്യാനല്ല ആഗ്രഹിക്കുന്നത്. മറിച്ച് വ്യക്തിപരമായി നമ്മുടെ അടുത്തു വരാനും നമ്മുടെ യാത്രയെ അതിന്‍റെ അന്ത്യം വരെ അനുഗമിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നു. ഇക്കാലത്തു പോലും സ്വയം വേണ്ടത്ര മതിപ്പില്ലാത്തതിനാല്‍ യേശുവിനോട് അടുത്തു ചെല്ലാതിരിക്കുന്നവരുണ്ട്. ഇതൊരു പ്രലോഭനമാണ്. ഇത് സ്വയാദരവിന്‍റെ മാത്രം കാര്യമല്ല. വിശ്വാസത്തിന്‍റെ തന്നെ കാര്യമാണ്. നാം ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കാന്‍ ആഗ്രഹിക്കുന്നു. – മാര്‍പാപ്പ വിശദീകരിച്ചു.
ദൈവത്തിന്‍റെ പ്രിയപ്പെട്ട പുത്രീപുത്രന്മാരെന്ന അവബോധത്തില്‍ അനുദിനം വളരുവാന്‍ യുവജനങ്ങളെ മാര്‍പാപ്പ ആഹ്വാനം ചെയ്തു. സ്നേഹിക്കുന്ന ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടും സ്വന്തം ജീവിതത്തോടു സ്നേഹത്തിലായിരിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുമാകണം യുവജനങ്ങള്‍ ദിവസമാരംഭിക്കേണ്ടത്. യേശുവിനെ സമീപിക്കാന്‍ സക്കേവൂസിനുണ്ടായ തടസ്സങ്ങളിലൊന്ന് സ്വന്തം ലജ്ജയായിരുന്നു. അതേസമയം യേശുവിനെ അറിയാനുള്ള ആകാംക്ഷയും ഉണ്ടായിരുന്നു. യേശുവിന്‍റെ ആകര്‍ഷണം സക്കേവൂസിന്‍റെ ലജ്ജയേക്കാള്‍ ശക്തമായിരുന്നു. യേശു ജീവന്‍ വാഗ്ദാനം ചെയ്യുമ്പോള്‍ നമുക്കു കാത്തു നില്‍ക്കാനാവില്ല. യുവജനങ്ങള്‍ അവരുടെ ബലഹീനതകളും പോരാട്ടങ്ങളും പാപങ്ങളും കുമ്പസാരത്തിന്‍റെ കൂ ദാശയിലേയ്ക്കു കൊണ്ടു വരാന്‍ ലജ്ജിക്കരുത്. തന്‍റെ ക്ഷമ കൊണ്ടും സമാധാനം കൊണ്ടും അവിടുന്നു നിങ്ങളെ അതിശയിപ്പിക്കും- മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org