കഥാകാരന്റെ വീട്ടില്‍ വിദ്യാര്‍ത്ഥികളെത്തി, പാഠം പഠിക്കാന്‍…

കഥാകാരന്റെ വീട്ടില്‍ വിദ്യാര്‍ത്ഥികളെത്തി, പാഠം പഠിക്കാന്‍…

അങ്ങാടിപ്പുറം: കഥ വായിച്ചപ്പോള്‍ എഴുത്തുകാരനെ നേരിട്ടു കാണണമെന്നു മോഹം. പത്താം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലൂടെ പരിചയപ്പെട്ട കഥാകൃത്തിനെ നേരില്‍ കണ്ടപ്പോള്‍ കുട്ടികളുടെ മനസ്സു നിറയെ കഥാപാത്രങ്ങള്‍. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവര്‍ത്തകരാണു കോഴിക്കോട് നടക്കാവിലുള്ള പ്രശസ്ത കഥാകാരന്‍ യു.കെ. കുമാരന്റെ വീട്ടിലെത്തിയത്. "എഴുത്തിന്റെ വഴിയേ…" പഠനയാത്രയുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച. കുട്ടികള്‍ കഥാകൃത്തുമായി വിശേഷങ്ങള്‍ പങ്കിട്ടു. സംശയങ്ങള്‍ തീര്‍ത്തു; ധാരാളം കഥകള്‍ കേട്ടു.
"മനുഷ്യമനസ്സിനെ നവീകരിക്കുന്നതാകണം രചനകള്‍. വായനക്കാരെ മൂല്യബോധത്തിലേക്ക് അടുപ്പിക്കണം. മനുഷ്യത്വത്തെ ഉണര്‍ത്തണം. അനുഭവങ്ങളാണ് എനിക്ക് എഴുത്തിന്റെ പിന്നിലെ ശക്തി. ദോശ ചുടുന്നതുപോലെ എളുപ്പമല്ല എഴുത്ത്. ശാരീരികവും മാനസികവും ബൗദ്ധികവുമായ അദ്ധ്വാനം ഏറെയുണ്ട്. കൃത്രിമമായി ഒന്നും എഴുതാനാവില്ല." കഥാരചനയുടെ രസതന്ത്രം പ്രിയ കഥാകാരന്‍ പങ്കുവച്ചതു കുട്ടികള്‍ ശ്രദ്ധയോടെ കേട്ടു.
കോഴിക്കോട് പുതിയറയിലുള്ള എസ്.കെ. പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രവും മ്യൂസിയവും കുട്ടികള്‍ സന്ദര്‍ശിച്ചു. എഴുത്തുകാരന്‍ പൂനൂര്‍ കെ. കരുണാകരന്‍ എസ്‌കെയുടെ ഓര്‍മകള്‍ പങ്കുവച്ചു.
വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, അദ്ധ്യാപകരായ സേവ്യര്‍ എം. ജോസഫ്, ജിനു ജോയി, എം. റിമ്മി രാജ്, വിദ്യാരംഗം ഭാരവാഹികളായ കെ. ഫിസ, കെ.എ. നഫീസ ഷംന, ജയ്ഡന്‍ വര്‍ഗീസ്, എ. രോഹിത്, കെ. സി. ഹരിത, സി.പി. മുഹമ്മദ് മുഹ്‌സിന്‍, പി. ആദില്‍ സ്വലാഹ്, കെ.ജെ. അര്‍പ്പിത്, ജെ. പ്രണവ് എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org