കാന്ധമാലിലെ സ്വാമി ലക്ഷ്മണാനന്ദ വധം പുതിയ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി

കാന്ധമാലിലെ സ്വാമി ലക്ഷ്മണാനന്ദ വധം പുതിയ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി

ഒഡിഷയിലെ കാന്ധമാലില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വധത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പുതിയ അന്വേഷണം ആവശ്യമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. പത്രപ്രവര്‍ത്തകനായ ആന്‍റോ അക്കര എഴുതിയ സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര് എന്ന പുസ്തകത്തിന്‍റെ മലയാള പരിഭാഷ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാമിയെ കൊന്നത് ക്രൈസ്തവരായിരുന്നു എന്ന ആരോപണം ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നു തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നതാണ് പുസ്തകമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ചരിത്രകാരനായ കെ എന്‍ പണിക്കര്‍ മുഖ്യമന്ത്രിയില്‍ നിന്നു പുസ്തകം ഏറ്റു വാങ്ങി. മുന്‍ ഡി ജി പി അലക്സാണ്ടര്‍ ജേക്കബ്, ഗ്രന്ഥകാരനായ ആന്‍റോ അക്കര, വിവര്‍ത്തകനായ എന്‍ മൂസക്കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

2008 ലായിരുന്നു സ്വാമിയുടെ കൊലപാതകം. ക്രിസ്ത്യാനികളാണ് സ്വാമിയെ കൊന്നതെന്ന കിംവദന്തികള്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് വലിയ ക്രൈസ്തവവിരുദ്ധ കലാപം കാന്ധമാലില്‍ നടന്നു. കലാപത്തില്‍ നൂറിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 300 ക്രിസ്ത്യന്‍ പള്ളികളും ആറായിരത്തിലേറെ ക്രിസ്ത്യന്‍ വീടുകളും കൊള്ളയടിച്ചു തകര്‍ക്കുകയും ചെയ്തു. സ്വാമിയുടെ കൊലപാതകത്തില്‍ പ്രതികളായി 7 ക്രൈസ്തവരെ പിടി കൂടിയിട്ടുണ്ട്. നിരപരാധികളായ ഇവരുടെ വിമോചനത്തിനു നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന ഓണ്‍ലൈന്‍ ഒപ്പു ശേഖരണത്തിനുള്ള വെബ്സൈറ്റിന്‍റെ ഉദ്ഘാടനം ചരിത്രകാരനായ കെ എന്‍ പണിക്കര്‍ നിര്‍വഹിച്ചു. കാന്ധമാല്‍ കലാപങ്ങള്‍ക്കു പിന്നില്‍ വലിയ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും സ്വാമിയുടെ കൊലപാതകത്തിനു പിന്നിലെ സത്യങ്ങള്‍ നിഗൂഢമായി തുടരുകയാണെന്നും പണിക്കര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org