കോംഗോയിലെ കൂട്ടക്കൊല: ‘ലജ്ജാകരമായ നിശബ്ദതയെ’ മാര്‍പാപ്പ അപലപിച്ചു

കോംഗോയില്‍ ഡസന്‍ കണക്കിനാളുകളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ ലോകം കാണിക്കുന്ന ലജ്ജാകരമായ നിശബ്ദതയെ ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായി അപലപിച്ചു. കൂട്ടക്കൊലയ്ക്കു വിധേയരായവര്‍ക്കുവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. പ. മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ദിനത്തില്‍ സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്കു വിധേയരായിക്കൊണ്ടിരിക്കുന്ന നിരപരാധികളായ ജനവിഭാഗങ്ങളെ മാര്‍പാപ്പ സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മാതാവിനു സമര്‍പ്പിച്ചു.
സ്വര്‍ഗാരോപണത്തിരുനാളിന്റെ രണ്ടു ദിനം മുമ്പു കോം ഗോയില്‍ നടന്ന ആക്രമണത്തില്‍ 36 പൗരന്മാരാണ് കൊല്ലപ്പെട്ടത്. നാല്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരം. ജനാധിപത്യസഖ്യസേന എന്നു പേരുള്ള വിമതസംഘമാണ് കൊ ല നടത്തിയത്.
സ്വര്‍ഗാരോപണ തിരുനാള്‍ ഒരു പുതിയ സ്വര്‍ഗവും പുതിയ ഭൂമിയുമാണ് നമുക്കു വാഗ്ദാനം ചെയ്യുന്നതെന്നു മാര്‍പാപ്പ വ്യക്തമാക്കി. ഉത്ഥിതനായ ക്രിസ്തു മരണത്തെ ജയിക്കുകയും തിന്മയെ അന്തിമമായി കീഴ്‌പ്പെടുത്തുകയും ചെയ്തതോടെയാണ് ഈ പുതിയ വാഗ്ദാനം നമുക്കു കരസ്ഥമായത്. പുരുഷന്മാരുടെ അത്യാര്‍ത്തിക്കു തങ്ങളുടെ ശരീരവും മനസ്സും കീഴ്‌പ്പെടുത്തേണ്ടി വരുന്ന വേദനാജനകമായ സാഹചര്യങ്ങളില്‍ കഴിയുന്ന സ്ത്രീകളെ പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്. സമാധാനത്തിന്റെയും നീതിയുടെയും സ്‌നേഹത്തിന്റെയും പുതിയൊരു ജീവിതം എത്രയും വേഗം അവര്‍ക്കു ലഭ്യമാകട്ടെ – മാര്‍പാപ്പ ആശംസിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org