നാനാത്വത്തില്‍ സഭയുടെ ഐക്യം നിലകൊള്ളുന്നു ബിഷപ് റാഫേല്‍ തട്ടില്‍

ലോകവ്യാപകമായി 24 വ്യത്യസ്ത റീത്തുകളാല്‍ സമ്പന്നമാണു കത്തോലിക്കാ സഭയെന്നും നാനാത്വത്തിലെ ഐക്യത്തില്‍ സഭ മുന്നോട്ടു പോകുമ്പോള്‍ റീത്തുകളുടെ അനന്യത കത്തോലിക്കാ സഭയുടെ സമ്പത്തായിത്തീരുകയാണെന്നും ബിഷപ് റാഫേല്‍ തട്ടില്‍ അഭിപ്രായപ്പെട്ടു. ഹൈദ്രാബാദിലെ സീറോ മലബാര്‍ സഭാസമൂഹം സംഘടിപ്പിച്ച ദുക്റാന ആഘോഷങ്ങളില്‍ പങ്കെടുത്തു സന്ദേശം നല്‍കുകയായിരുന്നു സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായ ബിഷപ് തട്ടില്‍.
സീറോ മലബാര്‍ സഭ ഇതര സഭകളോടു കൈ കോര്‍ത്താണു നീങ്ങുന്നത്. ഭാരതത്തിലെ മൂന്നു റീത്തുകള്‍ തമ്മിലുള്ള ഐക്യം ഒരു കൂട്ടായ്മ മാത്രമല്ല, നാനാത്വത്തിലെ ഏകത്വമാണ്. വിവിധ പാരമ്പര്യങ്ങളും മതങ്ങളും ജനങ്ങളെ ഒന്നിപ്പിക്കുന്ന ഭാരതസംസ്ക്കാരം പോലെ കത്തോലിക്കാ സഭയും വൈവിധ്യങ്ങളില്‍ ഐക്യപ്പെട്ട് ഒന്നായി പ്രവര്‍ത്തിക്കുകയാണ്. കേരളത്തില്‍ നിന്നു നിരവധി സീറോ മലബാര്‍ സഭാംഗങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ കുടിയേറിയിട്ടുണ്ട്. അവിടങ്ങളില്‍ അവര്‍ വളരുകയാണ്. അതില്‍ അവര്‍ അഭിമാനിക്കുകയും ചെയ്യുന്നു. അദിലബാദ്, തമിഴ്നാട്ടിലെ തക്കല, മഹാരാഷ്ട്രയിലെ കല്യാണ്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള സീറോ മലബാറുകാരെല്ലാം മലയാളികളല്ല. അവരൊക്കെയും സഭയുടെ പ്രധാന ഭാഗങ്ങളാണ്. ആരംഭം മുതലേ ലത്തീന്‍ സഭയെ സീറോ മലബാര്‍ സഭ പിന്തുണയ്ക്കുന്നുണ്ട്. അതു തുടരുകയും ചെയ്യുന്നു. കത്തോലിക്കര്‍ തമ്മിലുള്ള ഏകോപനവും ബന്ധങ്ങളും തുടര്‍ച്ചയുമാണ് ഉണ്ടാകേണ്ടത് – ബിഷപ് തട്ടില്‍ അനുസ്മരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org