നൈജീരിയയില്‍ അക്രമമുപയോഗിച്ചുള്ള ഇസ്ലാമികവത്കരണം നടക്കുന്നതായി മെത്രാന്‍

നൈജീരിയയില്‍ ക്രൈസ്തവരെ ആക്രമിച്ചു ഇസ്ലാം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മധ്യമേഖലയിലെ ജാലിംഗോ രൂപതാ ബിഷപ് ചാള്‍സ് ഹെമ്മാവ ആരോപിച്ചു. ഇവിടെ മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും എണ്ണം ഏതാണ്ടു തുല്യമാണ്. ആകെ ജനങ്ങളുടെ പത്തു ശതമാനത്തോളം പരമ്പരാഗതമതവിശ്വാസികളുമാണ്. കാലികളെ മേയ്ക്കാന്‍ ആയുധസജ്ജരായി എത്തുന്ന മുസ്ലീം ഇടയന്മാര്‍ ക്രൈസ്തവരായ കര്‍ഷകരെ നിരന്തരമായി ആക്രമിക്കുകയാണെന്നും ഇവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തികച്ചും സംശയാസ്പദമാണെന്നും ബിഷപ് ഹെമ്മാവ പറഞ്ഞു.
നൈജീരിയായില്‍ അക്രമം വിതച്ചുകൊണ്ടിരുന്ന ബോക്കോ ഹരാം എന്ന ഭീകരവാദി സംഘടനയെ കുറെയൊക്കെ നിയന്ത്രണത്തിലാക്കാന്‍ അധികാരികള്‍ക്കു സാധിച്ചപ്പോഴാണ് പുതിയ രൂപങ്ങളില്‍ ഭീകരവാദം പ്രചരിക്കുന്നതെന്നു ബിഷപ് ചൂണ്ടിക്കാട്ടി. കാലിക്കൂട്ടങ്ങളുമായി വരുന്ന മുസ്ലീങ്ങള്‍ ക്രൈസ്തവരുടെ കൃഷിയിടങ്ങള്‍ കൈയേറുകയും അവിടെ പാര്‍പ്പുറപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് നടക്കുന്നത്. ഉത്തര നൈജീരിയായില്‍ നിന്നു മൂസ്ലീങ്ങള്‍ വന്ന് ക്രൈസ്തവരുടെ പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കുന്നു. ഇതു ബോധപൂര്‍വ്വകമായ ഒരു തന്ത്രത്തിന്റെ ഭാഗമാണെന്ന നിഗമനമാണ് സഭാനേതാക്കള്‍ക്കുള്ളത്. കാലികളെ മേയ്ക്കുന്നവര്‍ക്ക് ആധുനികമായ ആയുധങ്ങളും പണവും കിട്ടുന്നതു സംശയത്തിനു ബലമേകുന്നു. മൂന്നു വര്‍ഷമായി നടന്നു വരുന്ന ഇവരുടെ അധിനിനവേശം മൂലം ക്രൈസ്തവരായ അനേകര്‍ കൊല്ലപ്പെടുകയും നിരവധി സമൂഹങ്ങള്‍ ഛിന്നഭിന്നമാകുകയും ആയിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ഭരണാധികാരിയ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഈ സംഭവങ്ങളില്‍ എടുക്കുന്ന നിലപാടും സംശയാസ്പദമാണെന്നും വേണ്ട വിധത്തില്‍ ഈ അക്രമങ്ങളെ ചെറുക്കാന്‍ സുരക്ഷാവിഭാഗങ്ങള്‍ക്കു കഴിയുന്നില്ലെന്നും ബിഷപ് കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org