പുതിയ നിയമനങ്ങള്‍ മാര്‍പാപ്പയുടെ പരിഷ്കരണശ്രമങ്ങളുടെ വിജയസൂചന

പുതിയ നിയമനങ്ങള്‍ മാര്‍പാപ്പയുടെ പരിഷ്കരണശ്രമങ്ങളുടെ വിജയസൂചന

ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരമേറ്റ നാള്‍മുതലുള്ള അദ്ദേഹത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വത്തിക്കാനിലെ സഭാഭരണ സംവിധാനം നവീകരിക്കുക എന്നതിനാണ്. അതു വേണ്ടത്ര വേഗതയില്‍ മുന്നേറുന്നില്ലെന്നും മാറ്റത്തെ എതിര്‍ക്കുന്നവര്‍ക്കു മാര്‍പാപ്പയെ തന്‍റെ ശ്രമങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്നും ചിലര്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, തന്‍റെ ദൗത്യമായി മാര്‍പാപ്പ മുന്നേറുകയാണെന്നും ശ്രമങ്ങള്‍ കൂരിയാപരിഷ്കരണം യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഇക്കഴിഞ്ഞയാഴ്ചകളില്‍ അദ്ദേഹം നടത്തിയ പുതിയ നിയമനങ്ങള്‍.
സഭയുടെ ഉന്നതതലങ്ങളില്‍ അല്മായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക, സ്ത്രീകള്‍ക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവ മാര്‍പാപ്പ പ്രത്യേക പരിഗണന നല്‍കിയിരുന്ന കാര്യങ്ങളാണ്. വത്തിക്കാനിലെ വിവിധ തലങ്ങളില്‍ ഇതിനനുയോജ്യമായ നിയമനങ്ങളാണ് ഇപ്പോള്‍ നടന്നുകൊ ണ്ടിരിക്കുന്നത്. പ്രസ് ഓഫീസ് ഡയറക്ടറും വക്താവുമായി അമേരിക്കക്കാരനായ ഗ്രെഗ് ബര്‍ക്, വൈസ് ഡയറക്ടറായി സ്പെയിനില്‍ നിന്നുള്ള വനിത പലോമ ഗാര്‍സിയ എന്നിവരെ നിയമിച്ചതു ലോകം ശ്രദ്ധിച്ചു. വക്താവായി നേരത്തെയും അല്മായന്‍ വന്നിട്ടുണ്ടെങ്കിലും വൈസ് ഡയറക്ടര്‍ സ്ഥാനത്ത് വൈദികനുണ്ടാകുമായിരുന്നു. ഇവരിലൊരാള്‍ ഇറ്റലിക്കാരന്‍ ആയിരിക്കുന്നതും പതിവായിരുന്നു. ഇതു തെറ്റിച്ചുകൊണ്ടാണ് ഇറ്റലിക്കാരല്ലാത്ത ഒരു അല്മായ പുരുഷനെയും വനിതയെയും ഈ പദവികള്‍ ഏല്‍പിച്ചത്.
കമ്മ്യൂണിക്കേഷന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളായി അമേരിക്കന്‍ വനിതയായ കിം ഡാനീല്‍സ്, ജെര്‍മ്മന്‍ പ്രൊഫസര്‍ മാര്‍കസ് ഷാറ്റെര്‍, സ്പാനിഷ് സൈക്കോളജിസ്റ്റ് ലെറ്റീഷ്യ സോബെറോണ്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. സഭയുടെ വൈദികമേധാവിത്വപരമായ മുഖവും ശൈലിയും മാറ്റുക ലക്ഷ്യം വച്ചുള്ള നടപടികള്‍ അര്‍ജന്‍റീനയില്‍ ബ്യൂണസ് അയേഴ്സ് ആര്‍ച്ചുബിഷപ്പായിരുന്നപ്പോഴും ഫ്രാന്‍സിസ് മാര്‍ പാപ്പയുടെ സവിശേഷതയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org