ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഗൌരവത്തോടെ കാണണം: കെസിബിസി

യമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മിഷനറി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഗൌരവമായി കാണേണ്ടതുണ്ടെന്നു കെസിബിസി ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ കേന്ദ്രം ഏതാനും ശ്രമങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കൂടുതലായി എന്തെങ്കിലും ചെയ്യാനായിട്ടുണ്ടോ എന്നു വ്യക്തമല്ല. നയതന്ത്രപരമായ വിഷയമെന്ന നിലയില്‍ സര്‍ക്കാരുകള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതലായി ചെയ്യാനാവുക. ഫാ. ഉഴുന്നാലില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട സംഭവം കേരളസഭ വേദനയോടെയാണു കാണുന്നത്. അദ്ദേഹത്തിന്‍റെ മോചനത്തിനു കെസിബിസിയും സിബിസിഐയും കേന്ദ്രത്തില്‍ സമ്മര്‍ദം നിരന്തരമായി തുടരുന്നുണ്ട്. ആധികാരികതയെക്കുറിച്ചു വ്യക്തതയില്ലെങ്കിലും ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വീഡിയോയിലൂടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാണെന്നാണു വിവരം ലഭിക്കുന്നത്. ഇക്കാര്യത്തില്‍ ലോകം മുഴുവന്‍റെയും കൂട്ടായ പ്രാര്‍ഥനയും പ്രയത്നവും സഹകരണവും വേണമെന്നും കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം, വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ അഭ്യര്‍ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org