ഫ്രഞ്ച് പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഫ്രാന്‍സിന്റെ പ്രസിഡന്റ് ഫ്രാങ്കോ ഹോളാന്‍ഡെ റോമിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു മുമ്പ് ഫ്രാന്‍സിലെ ഭീകരവാദത്തിന്റെ ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അള്‍ത്താരയില്‍ കുര്‍ബാനയര്‍പ്പിക്കുന്നതിനിടെ കൊല്ലപ്പെട്ട ഫാ. ഹാമെല്‍ ഉള്‍പ്പെടെയുള്ള വരെ പ്രസിഡന്റ് അനുസ്മരിച്ചു. റോമിലെ ഒരു ഫ്രഞ്ച് ദേവാലയത്തിലായിരുന്നു ഭീകരവാദത്തിന്റെ ഇരകള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന. ഈ സംഭവങ്ങളില്‍ മാര്‍പാപ്പ ഫ്രാന്‍സിനു നല്‍കിയ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദിയര്‍പ്പിക്കുന്നതിനായിരുന്നു പ്രസിഡന്റിന്റെ സന്ദര്‍ശനം.
നീസിലെ ഭീകരാക്രമണത്തിനും ഫാ. ഹാമെലിന്റെ കൊലപാതകത്തിനും ശേഷം മാര്‍പാപ്പ നല്‍കിയ സന്ദേശങ്ങള്‍ അദ്ദേഹം ഫ്രഞ്ച് ജനതയുടെ ഒപ്പം ഒരു സഹോദരനെ പോലെ ഉറച്ചു നില്‍ക്കുന്നതായി തോന്നിപ്പിച്ചുവെന്ന് പ്രസിഡന്റ് പറഞ്ഞു. ഒരു പള്ളിക്കോ വൈദികനോ എതിരായ ആക്രമണത്തെ സഭയ്‌ക്കെതിരായ ആക്രമണമായല്ല, രാജ്യത്തിനെതിരായ ആക്രമണമായാണ് ഫ്രാന്‍സ് കാണുന്നത്. ഫ്രാന്‍സിലെ കത്തോലിക്കാസഭാനേതാക്കള്‍ ഈ ഘട്ടത്തില്‍ നല്‍കിയ പിന്തുണ സുപ്രധാനമായിരുന്നു. ഫ്രാന്‍സിന്റെ ഐക്യത്തെ കുറിച്ചോര്‍മ്മിപ്പിക്കാന്‍ അതു സഹായിച്ചു. കിഴക്കന്‍ രാജ്യങ്ങളിലെയും മധ്യകിഴക്കന്‍ രാജ്യങ്ങളിലെയും ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അഭയാര്‍ത്ഥി പ്രശ്‌നം എന്നിവയും ചര്‍ച്ചാവിഷയമായി – പ്രസിഡന്റ് വ്യക്തമാക്കി.
ഫാ. ഹാമെല്‍ കൊല്ലപ്പെട്ടപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് മാര്‍പാപ്പയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. ഒരു വൈദികന്‍ ആക്രമിക്കപ്പെടുമ്പോള്‍ ഫ്രാന്‍സിനാകെയാണ് അതിന്റെ ആഘാതമേല്‍ക്കുന്നതെന്ന് അദ്ദേഹം അന്നു മാര്‍പാപ്പയോടു പറഞ്ഞിരുന്നു. പ്രസിഡന്റും മാര്‍പാപ്പയും തമ്മില്‍ സന്ദര്‍ശനവേളയില്‍ 40 മിനിറ്റ് സ്വകാര്യസംഭാഷണം നടത്തി. പ്രസിഡന്റിനൊപ്പമുണ്ടായിരുന്ന പ്രതിനിധിസംഘവുമൊത്തുള്ള ഔപചാരിക കൂടിക്കാഴ്ചകള്‍ക്കു പുറമെയായിരുന്നു ഇത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org