സ്വര്‍ഗാരോപണതിരുനാള്‍: ഫ്രാന്‍സിലെ കുര്‍ബാനകളെല്ലാം രാജ്യത്തിനു വേണ്ടി

സ്വര്‍ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സില്‍ അര്‍പിച്ച ദിവ്യബലികളെല്ലാം രാജ്യത്തിനുവേണ്ടിയായിരുന്നു. പരി. മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഫ്രാന്‍സിലെ കത്തോലിക്കര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. കത്തോലിക്കാ മെത്രാന്‍ സംഘമാണ് ഈ തീരുമാനമെടുത്തത്. ഇസ്ലാമിക് ഭീകരരുടെ ആക്രമണം രാജ്യത്തില്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രഞ്ച് സഭ തീരുമാനിച്ചത്. കഴിഞ്ഞ ജൂലൈ 26-നു ഫ്രാന്‍സില്‍ ഒരു പള്ളിയില്‍ ആക്രമണം നടത്തി രണ്ടു ഭീകരര്‍ പുരോഹിതനെ കഴുത്തറുത്തു കൊലപ്പെടുത്തിയിരുന്നു. ജൂലൈയില്‍ ട്രക്ക് ആള്‍ക്കൂട്ടത്തിലേയ്ക്ക് ഓടിച്ചു കയറ്റി നടത്തിയ അക്രമത്തില്‍ 84 പേരും കഴിഞ്ഞ നവംബറില്‍ പാരീസില്‍ നടന്ന ബോംബ് സ്‌ഫോടന പരമ്പരയില്‍ നൂറിലേറെ പേരും കൊല്ലപ്പെട്ടിരുന്നു. ഫ്രാന്‍സിലെ ആഗോള തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ പ. മാതാവിന്റെ സ്വര്‍ഗാരോപണതിരുനാള്‍ ആഘോഷത്തിനു ഭരണകൂടം പതിവില്ലാത്ത വിധം വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി. അഞ്ഞൂറിലധികം സുരക്ഷാസൈനികര്‍ ഇവിടെ സുരക്ഷയൊരുക്കാന്‍ സന്നിഹിത രായിരുന്നു. കാവല്‍നായ്ക്കളും ആധുനിക നിരീക്ഷണോപാധികളും അടക്കമുള്ള സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org