132 ഗ്രാമങ്ങളില്‍ മൂന്നു മാസത്തിനിടയില്‍ ജനിച്ചവരൊക്കെയും ആണ്‍കുട്ടികള്‍!

വടക്കേന്ത്യയിലെ ഉത്തരകാശി ജില്ലയില്‍ പെട്ട 132 ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ 216 കുട്ടികള്‍ ജനിച്ചതില്‍ ഒരു പെണ്‍കുട്ടി പോലുമില്ല എന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണമാരംഭിച്ചു. പെണ്‍ശിശുക്കളുടെ ജനന നിരക്കിലുള്ള കുറവിനെക്കുറിച്ച് അന്വേഷിക്കാനാണ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്. പെണ്‍ഭ്രൂണഹത്യയാണ് ഇതിനു പിന്നിലെ പ്രധാന കാരണമെന്ന് സാമൂഹ്യപ്രവര്‍ത്തകയായ കല്‍പന ഠാക്കൂര്‍ പറഞ്ഞു. "കഴിഞ്ഞ മൂന്നു മാസത്തില്‍ ഈ ഗ്രാമങ്ങളില്‍ പെണ്‍ശിശുക്കള്‍ പിറക്കാത്തതിനു മറ്റു കാരണങ്ങള്‍ തേടേണ്ടതില്ല. ഇതിനു പിന്നില്‍ പെണ്‍ഭ്രൂണങ്ങളെ നിഷ്കാസനം ചെയ്യുന്നതാണെന്ന കാര്യം വളരെ വ്യക്തമാണ്" — കല്‍പന ഠാക്കൂര്‍ ആരോപിച്ചു.

ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ആഷിഷ് ചൗഹാനും പ്രതികരിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതു സംബന്ധിച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പെണ്‍ഭ്രൂണഹത്യയടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹ സമയത്ത് പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനം നല്‍കേണ്ടി വരുന്നതും തൊഴിലെടുത്ത് കുടുംബം നോക്കാന്‍ ആണ്‍കുട്ടികള്‍ വേണമെന്ന ചിന്തയും ഹിന്ദു ആചാരപ്രകാരം മാതാപിതാക്കളുടെ മരണാനന്തര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത് ആണ്‍ മക്കളാണെന്ന പാരമ്പര്യവും പെണ്‍ശിശുക്കളുടെ ജനനത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളായി സാമൂഹ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നു. ഇതിനെതിരെ ശക്തമായ ബോധവത്കരണവും നിയമ നടപടികളും വേണമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അതെന്തായാലും 2011 ലെ സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 943 സ്ത്രീകള്‍ എന്നതായിരുന്നു കണക്ക്. 2015 ലെ സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം ഭ്രൂണഹത്യയിലൂടെയും ശിശുഹത്യയിലൂടെയും മറ്റുമായി 2000 ല്‍പരം പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org